പത്തനംതിട്ട:കോന്നിയിൽ വിദ്യാർഥിനിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അഗ്നിവീർ കോഴ്‌സ് പഠിക്കുന്ന ഗായത്രിയാണ് മരിച്ചത്. സ്വകാര്യ ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ പ്രദീപിൻ്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു.
ഹോട്ടൽ ജീവനക്കാരിയായ മാതാവ് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെ ഗുരുതര ആരോപങ്ങളാണ് മാതാവ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തൻ്റെ മകളെ ഉൾപ്പെടെ അധ്യാപകൻ ഡേറ്റിങിന് വിളിക്കുമെന്നും അതിൽ താൽപര്യമില്ലെന്ന് മകൾ അധ്യാപകന് മറുപടി നൽകിയിട്ടുണ്ടെന്നും മാതാവ് ആരോപിച്ചു. സ്ഥാപനത്തിൽ അധ്യാപകനെ മറ്റൊരാൾക്കൊപ്പം പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ മകൾ കണ്ടുവെന്നും അന്ന് മുതൽ മകൾ ഇയാളുടെ നോട്ടപ്പുള്ളി ആണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപകൻ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും മാതാവ് രാജി ആരോപിച്ചു.
ഗായത്രിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Also Read: 'സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്': രൂക്ഷ വിമർശനവുമായി ഹൈക്കോടതി; നിരുപാധികം മാപ്പപേക്ഷിച്ച് സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ - ROAD BLOCK CASE IN HC