എസ് എസ് എൽ സി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും തിരുവനന്തപുരം:ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ആരംഭിച്ച് മാര്‍ച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകളുടെ ക്രമീകരണം. പരീക്ഷയുടെ ആദ്യ ദിവസമായ ഇന്ന് മലയാളം ഒന്നാം ഭാഗം ആണ് വിഷയം.
രാവിലെ ഒമ്പതരയ്‌ക്കാണ് പരീക്ഷ തുടങ്ങുന്നത്. നിലവിൽ ബാങ്കുകളിലും ട്രഷറിയിലുമാണ് ചോദ്യപേപ്പർ സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 8.30 ഓടെ ചോദ്യപേപ്പർ വിതരണം പൂർത്തിയാകും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകൾ ഉൾപ്പെടെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഇക്കുറി എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്.
പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്നും, കുറവ് ആലപ്പുഴ ജില്ലയില്‍ നിന്നുമാണ്. കേരളത്തിൽ 2,955 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയില്‍ ഏഴും, ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്.
ഉത്തര പേപ്പറുകളുടെ മൂല്യ നിര്‍ണയം ഏപ്രില്‍ 3 ന് ആരംഭിച്ച് 20 ന് അവസാനിക്കും. ഇതിനായി 40 മൂല്യ നിര്‍ണയ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എസ് എസ് എല്‍ സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ടിയ എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും, എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.