തിരുവനന്തപുരം:പൗരാണിക വാസ്‌തു വിദ്യാ അത്ഭുതങ്ങളിലൊന്നായ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലില്‍ വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കാണാന്‍ കഴിയുന്ന സൂര്യ രശ്‌മികളുടെ ദൃശ്യ വിസ്‌മയം കാണാനെത്തിയ ആയിരക്കണക്കിന് പേര്‍ക്ക് നിരാശ. സൂര്യന്‍ മേഘപാളികള്‍ക്ക് പിന്നിലൊളിച്ചതോടെ ഗോപുരത്തിന്‍റെ താഴികക്കുടങ്ങളിലൂടെ സൂര്യനെ കാണാനായില്ല.
തുല്യ ദിനരാത്രങ്ങള്‍ അഥവാ വിഷുവം ദിനങ്ങളായ സെപ്‌തംബര്‍ 23 നും മാര്‍ച്ച് 21 നുമാണ് പത്മനാഭ സ്വാമിക്ഷേത്ര ഗോപുരത്തിന്‍റെ കിഴക്കേ ഗോപുര വാതിലുകളില്‍ സൂര്യന്‍ ഒന്നിനു പുറകേ ഒന്നായി കയറിയിറങ്ങുന്നത്. എന്നാല്‍ ഈ ദൃശ്യം കാര്‍മേഘം കാരണം ഇത്തവണ ദൃശ്യമയില്ല. മഴയുടെ നേരിയ സാന്നിധ്യവും അതുമൂലം അന്തരീക്ഷം കാര്‍മേഘം മൂടിക്കിടന്നതിനാലുമാണ് അസ്‌തമയ സൂര്യന്‍ ദൃശ്യമാകാതെ പോയത്.
പത്‌മനാഭ സ്വാമി ക്ഷേത്ര ഗോപുര വാതിലിലെ അത്യപൂര്‍വ്വ ദൃശ്യ വിസ്‌മയം കാണാനെത്തിയവര്‍ക്ക് നിരാശ (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലും പത്മതീര്‍ത്ഥക്കരയിലുമായി ആയിരങ്ങളാണ് ഈ ദൃശ്യം നേരില്‍ കാണാനും മൊബൈലില്‍ പകര്‍ത്താനുമായി എത്തിയത്. ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകളെത്തിയിരുന്നു. അസ്‌തമയ സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് അസാധാരണ ശോഭയോടെ താഴുമ്പോള്‍ ആദ്യം മുകളില്‍ നിന്നുള്ള ആദ്യ ഗോപുര വാതിലില്‍ പ്രവേശിക്കും. ഇത് കിഴക്കേ ഗോപുര വാതിലിലൂടെ മനോഹര ദൃശ്യമായി പുറത്തു വരും. പിന്നാലെ രണ്ടാം ഗോപുര വാതിലില്‍ പ്രവേശിക്കും. അതിന് ശേഷം മൂന്നാം ഗോപുര വാതിലില്‍ പ്രവേശിക്കുമ്പോഴാണ് ഈ ദൃശ്യം അതിന്‍റെ വിസ്‌മയകരമായ നിലയിലേക്കുയരുന്നത്.
പിന്നാലെ നാലാം ഗോപുര വാതിലിലും അതിന് ശേഷം അഞ്ചാം ഗോപുര വാതിലിലും കയറി പതിയെ സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് താഴും. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണെന്ന് ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദൃശ്യ ചാരുത. പക്ഷേ ഇത്തവണ അത് കാഴ്‌ചയില്‍ നിന്ന് അകന്നു നിന്നു.
അരുണ വര്‍ണമില്ലാതെ അസ്‌തമയ സൂര്യന്‍ ഗോപുര വാതിലുകള്‍ കയറിയിറങ്ങുന്നതിന് പതിവ് ശോഭയുണ്ടായില്ല. സമീപകാലത്ത് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കൂടുകല്‍ ആളുകള്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. ഇത്തവണ സെപ്‌തംബര്‍ 23- ന് ഈ ദൃശ്യം കാണാനാകുമെന്ന് പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നിര്‍മ്മിതിയിലെ വാസ്‌തു വിദ്യാ ചാതുര്യമാണ് ഈ അത്ഭുത പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ദൃശ്യമായില്ലെങ്കിലും ഇനി അടുത്ത വര്‍ഷം മാര്‍ച്ച് 21-ന് കാണാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Also Read:പദ്‌നാഭനോ? ജഗന്നാഥനോ ?; പുരിയിലെയും പത്മനാഭ സ്വാമി ക്ഷേത്രത്തിലെയും നിധി നിലവറയെ പറ്റി അറിയാം...