കേരളം

kerala

ETV Bharat / state

വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌തില്ലേ? ശബരിമലയില്‍ മൂന്നിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം - SPOT BOOKING IN SABARIMALA

മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കി ദേവസ്വം ബോര്‍ഡ്.

VIRTUAL QUEUE BOOKING  ദേവസ്വം ബോർഡ്  SABARIMALA NEWS  SABARIMALA NEWS UPDATES
Sabarimala (ETV Bharat)

By ETV Bharat Kerala Team

Published : Nov 18, 2024, 6:23 PM IST

പത്തനംതിട്ട :ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർ കാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്വൽ ക്യൂവിൻ്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പുല്‍മേട് വഴി വരുന്ന തീർഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും.

പൊലീസ് സ്‌പെഷ്യൽ ഓഫിസർ കെഇ ബൈജു സംസാരിക്കുന്നു. (ETV Bharat)

നിലവിൽ ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തർ എത്തുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ ആധാർ കാർഡിൻ്റെ കോപ്പി, വെർച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിൻ്റെ പിഡിഎഫ് എന്നിവ കരുതണം.

അതേസമയം, തീർഥാടന വഴികളിൽ പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ സ്പെഷ്യൽ പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചതായി സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫിസർ കെഇ ബൈജു അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച് അനുഭവപരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ.

ശബരിമലയിലെ തിരക്ക് (ETV Bharat)

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫിസർ പറഞ്ഞു. പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണ് ഇത്തവണ റിപ്പോർട്ട് ചെയ്‌തത്. ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉൾപ്പെടെയുള്ള ഭാഗത്ത് പൊലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.

മൊബൈൽ ഫോണുകൾ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ പൊലീസിനെ അറിയിക്കണം. അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള സംവിധാനം സന്നിധാനത്തെ പൊലീസ് സ്റ്റേഷനിൽ ഉണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്ന ചുമതല ഇപ്പോൾ സ്‌പെഷ്യൽ ഓഫിസർക്കാണ്.

Sabarimala (ETV Bharat)

പതിനെട്ടാംപടിയിലെ മാറ്റങ്ങൾ

തന്ത്രിമാരുടെ ഉപദേശമുൾപ്പടെ തേടി ദേവസ്വം ബോർഡ് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം വരുത്തിയ മാറ്റങ്ങൾ ഇത്തവണ ഏറെ ഗുണം ചെയ്‌തതായി സ്‌പെഷ്യൽ ഓഫിസർ പറഞ്ഞു. 45 പൊലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും.

ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുതകുന്ന വിധത്തിൽ ലാഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഇത് ഒരുക്കിയതോടെ കൂടുതൽ ഭക്തരെ ഒരേ സമയം പടി കയറ്റി വിടാനാകുന്നുണ്ട്. മുൻപ് ഒരു കൈ വടത്തിൽ പിടിച്ച് മറുകൈ കൊണ്ടു വേണമായിരുന്നു പൊലീസുകാർക്ക് അയ്യപ്പൻമാരെ സഹായിക്കാന്‍. എന്നാല്‍ ഇപ്പോൾ രണ്ടു കൈ കൊണ്ടും പടികയറാൻ സഹായിക്കാൻ കഴിയുന്നു.

ഭക്തരുടെ പ്രദക്ഷിണ വഴിയിൽ തടസമുണ്ടാക്കില്ല

സോപാനത്തിനു മുൻപിലെത്തി തൊഴുത ശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിൽ എതിർ ദിശയിലെത്തി ആരെയും ദർശനത്തിനനുവദിക്കില്ല. വിഐപികൾ അടക്കമുള്ളവരെ ശ്രീകോവിലിൻ്റെ പിന്നിലെ മുറ്റം വഴിയെത്തിച്ച് ഭക്തരുടെ നിരയ്ക്ക് സമാന്തരമായി മാത്രമേ ദർശന സൗകര്യമൊരുക്കുകയുള്ളൂ.

Also Read:ശബരിമലയില്‍ നാളെ, പൂജാ സമയം അറിയാം

ABOUT THE AUTHOR

...view details