കണ്ണൂര്‍ : രുചിപ്പെരുമയ്‌ക്ക് പേരുകേട്ട നാടാണ് കണ്ണൂർ. കിടിലൻ രുചി വിളമ്പുന്ന ഒരു ചായക്കടയുണ്ട് തലശ്ശേരിയിൽ. തലശ്ശേരി പെരിങ്ങത്തൂര്‍ റോഡില്‍ പള്ളൂര്‍ ജംഗ്ഷനിലാണ് ചടയന്‍സ് ടീസ്റ്റാള്‍. ഒന്നും രണ്ടുമല്ല 18 ഇനം പലഹാരങ്ങളാണ് ഇവിടെ ചില്ലിട്ട അലമാരയില്‍ ഭംഗിയായി ഒരുക്കി വച്ചിട്ടുള്ളത്. നല്ല മധുരവും എരിവുമുള്ള കിടിലൻ പലഹാരങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓരോ കള്ളിയിലും വൃത്തിയായും മനോഹരമായും പതിനെട്ടിനം എണ്ണക്കടികള്‍ ഈ ചായക്കടയില്‍ അടുക്കിവച്ചിരിക്കുന്നത് കണ്ടാല്‍ ആരും ഒന്നു കൊതിച്ചു പോകും. ചടയന്‍സ് ടീസ്റ്റാള്‍ പലഹാരങ്ങളുടെ പേരിലാണ് പെരുമ നേടിയത്. കോഴിക്കാലും കപ്പ പൊരിച്ചതും കല്ലുമ്മക്കായ കൊണ്ടുളള അരിക്കടുക്കയും പരമ്പരാഗത സ്വാദോടെ കഴിക്കണമെങ്കില്‍ ചടയന്‍സ് ടീസ്റ്റാളിലെത്തണമെന്ന് നാട്ടുകാർ പറയുന്നു.
കിടിലൻ രുചികളുമായി ചടയൻസ് ടീസ്റ്റാൾ (ETV Bharat) എരിവും മധുരവുമുള്ള പതിനെട്ടിനം പലഹാരങ്ങളുടെ കലവറയായ ചടയന്‍സ് ടീ സ്റ്റാളിന് 1984 ല്‍ ചടയന്‍ ദാസനാണ് തുടക്കമിട്ടത്. ഭാര്യ പുഷ്‌പജയുടെ കൈപുണ്യത്തില്‍ കോലു പോലെ അരിഞ്ഞ് മസാല ചേര്‍ത്ത് പൊരിച്ച കോഴിക്കാലും കപ്പ പൊരിച്ചതും അക്കാലത്തെ പലഹാര പ്രേമികളുടെ വായില്‍ കപ്പലോടുക തന്നെ ചെയ്‌തു. രുചിയില്‍ കീര്‍ത്തികേട്ട ചായക്കട ദാസന്‍റെ മരണ ശേഷം 2013 ല്‍ മകന്‍ രാജേഷ് ചടയന്‍ ഏറ്റെടുത്തു.
കിഴങ്ങ് പൊരി, കോഴിക്കാല്‍, അരിക്കടുക്ക, എന്നിവയോടൊപ്പം പലഹാരങ്ങളുടെ പട്ടിക നീണ്ടു. ഉള്ളി വട, പക്കാവട, പഴം പൊരി, ബോണ്ട, സുഖയന്‍, കായുണ്ട തുടങ്ങിയ വിഭവങ്ങള്‍ ചടയന്‍സിലെ ചീനച്ചട്ടിയില്‍ പൊരിഞ്ഞുയരും. എന്നും രാവിലെ 9 മണിക്ക് പഴംപൊരിയോടെയാണ് തുടക്കം. പിന്നെ കായുണ്ടയും സുഖിയനും. അപ്പോഴേക്കും എണ്ണയില്‍ പൊരിയുന്ന മണമറിഞ്ഞ് ആവശ്യക്കാരെത്തും. ചായക്കൊപ്പം ഇരുന്നു കഴിക്കുന്നവരും പാര്‍സലായി കൊണ്ടു പോകുന്നവരുടേയും തിരക്കു തുടങ്ങും.
11 മണിയോടെ കിഴങ്ങ് പൊരി, കോഴിക്കാല്‍ എന്നിവ തയ്യാറാകുമ്പോഴേക്കും വാഹനയാത്രികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ചില്ലലമാരയില്‍ നോക്കി പലഹാരങ്ങളുടെ ആവശ്യക്കാരാകും. എല്ലാറ്റിനും ചടയന്‍സില്‍ ഒരു ഷെഡ്യൂള്‍ ഉണ്ട്. വരിവരിയായി പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് രാത്രി എട്ട് മണിവരെ തുടരും. കിഴങ്ങുപൊരിക്കും കോഴിക്കാലിനുമാണ് ആവശ്യക്കാര്‍ ഏറെ.
രുചി തന്നെയാണ് ഈ പലഹാരങ്ങള്‍ക്കുള്ള ആധിപത്യത്തിന് കാരണം. മുക്കിപ്പൊരിക്കുന്ന മാവിലും മസാലയിലുമാണ് ഇവയുടെ രുചി രഹസ്യം. കടലപ്പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി, എള്ള്, വെളുത്തുള്ളി എന്നിവയാണ് പ്രധാന ചേരുവ. എന്നാല്‍ ഈ മസാലക്കൊപ്പം ചടയന്‍റെ പ്രത്യേക കൂട്ടുണ്ട്. അതൊരു സീക്രട്ടാണ്. നല്ല കൈവഴക്കമുളളവര്‍ക്കേ കോഴിക്കാലും കപ്പ പൊരിച്ചതും ഉണ്ടാക്കാനാവൂ. കപ്പ മുറിക്കുന്നതു മുതല്‍ പൊരിഞ്ഞ് പാകമാവുന്നതു വരെ നല്ല ശ്രദ്ധ വേണം. അതില്‍ നൂറ് ശതമാനം വിജയിച്ചതാണ് ചടയന്‍സിലെ കപ്പ വിഭവങ്ങള്‍.
മുട്ട സമോസ, ആലു സമോസ, ഇലയട, പൊരിച്ച മുട്ട, നെയ്യപ്പം, കലത്തപ്പം, കായുണ്ട, കിണ്ണത്തപ്പം, ഇവയെല്ലാം ചടയന്‍സില്‍ എന്നും ലഭിക്കും. പള്ളൂര്‍, ചൊക്ലി, പാറാല്‍ പ്രദേശത്തെ ഭൂരിഭാഗം വീട്ടുകാരുടെയും നാല് മണി പലഹാരം ചടയന്‍സില്‍ നിന്നാണ്. ന്യൂജന്‍കാരും കപ്പ വിഭവങ്ങളുടെ ആവശ്യക്കാരാണ്. ഉച്ചതിരിഞ്ഞാല്‍ വാഹനം നിര്‍ത്തി പലഹാരങ്ങള്‍ വാങ്ങുന്നവരുടെ തിരക്കാണിവിടെ.
ചായ, കാപ്പി, ചുക്കുകാപ്പി, ഒക്കെ കഴിക്കാന്‍ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പാഴ്‌സലായി പലഹാരങ്ങള്‍ കൊണ്ടു പോകുന്നവരാണ് ഏറേയും. 24 മണിക്കൂര്‍ കേടുകൂടാതെ ചടയന്‍സിലെ പലഹാരങ്ങള്‍ നില്‍ക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പാഴ്‌സലായി കൊണ്ടു പോകുന്നവരും നിരവധിയാണ്. ഉടമ രാജേഷ് ചടയനൊപ്പം സഹോദരന്‍ സന്തോഷ് ചടയനും നാല് തൊഴിലാളികളുമാണ് പാചകവും വിതരണവും എല്ലാം നടത്തുന്നത്.
Also Read : പാല്‍ക്കാരന്‍ പയ്യന്‍റെ തട്ടിക്കൂട്ട് കട; ഇവിടെ രുചി വേറെ ലെവല്‍ - Palkaaran payyante Thattikoottukada