തിരുവനന്തപുരം :ചോദ്യങ്ങൾക്ക് സമയ ബന്ധിതമായി ഉത്തരം നൽകണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന് സ്‌പീക്കറുടെ റൂളിങ്ങ് (Speaker Ruling). ഈ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്രമപ്രശ്‌നമായി സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകാതെ മാറ്റിവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും വിഷയത്തിൽ സ്‌പീക്കർ വിമർശിച്ചു.
15-ാം കേരള നിയമസഭയുടെ, കഴിഞ്ഞ ഒന്നുമുതല്‍ 9 വരെയുള്ള സമ്മേളനങ്ങളില്‍ ധനകാര്യമന്ത്രി മറുപടി പറയേണ്ട ആകെ 3199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ 256 എണ്ണത്തിന് മറുപടി നൽകിയിട്ടില്ല. നടപ്പുസമ്മേളനത്തില്‍ ആകെയുള്ള 199 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി നൽകിയിട്ടില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു.
സഭാ ചട്ടം 47 പ്രകാരം ചോദ്യോത്തര ദിവസത്തിന്‍റെ തൊട്ടുതലേദിവസം 5 മണിക്ക് മുമ്പായി ഉത്തരം ലഭ്യമാക്കേണ്ടതാണ്. ഇതിനുള്ളിൽ ഏതെങ്കിലും സാഹചര്യത്തിൽ ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉപചട്ടം (2) പ്രകാരം 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയാൽ മതി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാൻ ഉപചട്ടം (2)ന്‍റെ പിന്‍ബലം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സ്‌പീക്കർ വിമർശിച്ചു. മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് റൂൾ ചെയ്യുന്നതായും സ്‌പീക്കർ നിയമസഭയെ അറിയിച്ചു.