എസ് ശശിധരൻ ഇടിവി ഭാരതിനോട് (Source: Etv Bharat Reporter) എറണാകുളം:പെരുമ്പാവൂരിലെ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി സത്യത്തിൻ്റെയും നീതിയുടെയും വിജയമെന്ന് എസ്‌പി എസ് ശശിധരൻ ഐപിഎസ്. ഇരയ്ക്ക് നീതി ലഭിച്ചിരിക്കുകയാണെന്ന് എസ് ശശിധരൻ അഭിപ്രായപ്പെട്ടു. കൂട്ടായ അന്വേഷണത്തിൻ്റെയും അന്വേഷണ സംഘം കണ്ടെത്തിയ വസ്‌തുതകൾ പബ്ലിക്ക് പ്രോസിക്യൂട്ടർ കൃത്യമായി കോടതിയിൽ അവതരിപ്പിച്ചതിൻ്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ ഒരു വിധി ജനങ്ങളുടെ മനസിൽ സുരക്ഷിതത്വ ബോധമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് സ്‌ത്രീകളിലും കുട്ടികളിലും. സമൂഹത്തിൽ ക്രൂരകൃത്യം ചെയ്യുന്നവരെ വെറുതെ വിടില്ലന്ന കൃത്യമായ സന്ദേശമാണ് ബഹുമാനപ്പെട്ട ഹൈക്കോടതി വിധി നൽകുന്നതെന്നും എസ് ശശിധരൻ വ്യക്‌തമാക്കി.
നിയമ വിദ്യാർഥിയുടെ കൊലപാതകത്തിൽ ശക്തമായ തെളിവുകളാണ് ശാസ്‌ത്രീയമായ റിപ്പോർട്ടിലൂടെ സമർപ്പിച്ചത്. ഇരയുടെ ശരീരത്തിൽ നിന്ന് ലഭിച്ച പ്രതിയിലേക്ക് നയിക്കുന്ന തെളിവുകൾ ശക്തമായിരുന്നു. നഖത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ തെളിവ്, പുറകുവശത്തെ കടിച്ച പാടിൽ നിന്ന് കണ്ടെത്തിയ ഉമിനീർ, വസ്‌ത്രത്തിൽ നിന്ന് ലഭിച്ച രക്തത്തിൻ്റെ ഡിഎൻഎ, വീടിൻ്റെ കട്ടിലപ്പടിയിലെ രക്തത്തിൽ നിന്ന് കിട്ടിയ ഡിഎൻഎ ഉൾപ്പെടെ എല്ലാം ഒരാളുടേതായിരുന്നു. ഞങ്ങൾ കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പ്രതിയുടെ ഡിഎൻഎ കണ്ടെത്തിയിരുന്നു. ആരുടേതാണ് ഡിഎൻഎ എന്ന് കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിൽ തങ്ങൾ വിജയിച്ചു വെന്നും എസ് പി ചൂണ്ടിക്കാണിച്ചു.
അന്വേഷണം വലിയ വെല്ലുവിളിയായിരുന്നു. പ്രതിയെ കുറിച്ച് യാതൊരുവിധ സൂചനയും ഇല്ലായിരുന്നു. കൃത്യം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതി അവൻ്റെ മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇത് പ്രതിയിലേക്ക് എത്തുക എന്നത് ദുസ്സഹമാക്കി. സൈബർ പരിശോധനകളിലൂടെ പ്രതിയിലേക്ക് എത്താൻ കഴിയാതെ വന്നു. എന്നാൽ മനുഷ്യനിലൂടെ ലഭിച്ച തെളിവിലൂടെ കേസ് അന്വേഷണം പുര്‍ത്തിയാക്കാനായി. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടായതിൽ സന്തോഷമെന്നും എസ്. ശശിധരൻ പ്രതികരിച്ചു. ഈ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇപ്പോൾ മലപ്പുറം എസ്.പിയായ എസ് ശശിധരന്‍.
Also Read: ജിഷ വധക്കേസിൽ നിര്‍ണായക വിധി: അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ തന്നെ; വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി