കോഴിക്കോട്: കാണാതായ സൈനികൻ വിഷ്‌ണുവിനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ബാങ്കിടപാട്. ശമ്പളം ലഭിച്ചതിന് പിന്നാലെ വിഷ്‌ണു ബെംഗളുരു മജസ്‌റ്റിക് റെയിൽവെ സ്‌റ്റേഷന് പരിസരത്തുള്ള എടിഎമ്മിൽ നിന്ന് 25,000 രൂപ പിൻവലിച്ചിരുന്നു. ഡിസംബർ 31ന് ശമ്പളം ലഭിക്കും എന്ന് മനസിലാക്കിയ പൊലീസ് ബാങ്ക് ഇടപാടുകൾ നിരീക്ഷിച്ചിരുന്നു. പണം പിൻവലിച്ചതോടെ ബംഗളുരുവിൽ എത്തിയ പൊലീസ് എടിഎമ്മിൻ്റെ പരിസരത്തെ നിരവിധി താമസ സ്ഥലങ്ങളിൽ കയറിയിറങ്ങി. സിസിടിവികൾ പരിശോധിച്ചതിന് പിന്നാലെ വിഷ്‌ണുവിനെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മലയാളി സൈനികൻ വിഷ്‌ണുവിനെ കാണാതാകുന്നത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു എന്നാണ് വിഷ്‌ണു പൊലീസിന് നൽകിയ മൊഴി. വിഷ്‌ണുവിൻ്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളുരുവിൽ എത്തിയത്.
മൈസൂരിൽ താമസിച്ചിരുന്ന വിഷ്‌ണു രണ്ട് ദിവസം മുൻപാണ് ബെംഗളുരുവിലേക്ക് പോയത്. ഡിസംബർ 22നാണ് എലത്തൂർ എസ്‌ഐ സിയാദ് മുഹമ്മദും എസ്‌സിപിഒ അതുൽ കുമാറും സിപിഒ വൈശാഖും വിഷ്‌ണുവിനെ തേടി പൂനെയിലേക്ക് വണ്ടി കയറിത്. നാല് ദിവസം പൂനെയിൽ പരിശോധന നടത്തി. മൂന്ന് ദിവസം മുംബൈയിൽ തങ്ങി. ടാക്‌സി വിളിച്ചും നടന്നും പൊലീസ് സംഘം വിഷ്‌ണുവിന് വേണ്ടി അലഞ്ഞു. കൂട്ടിനുണ്ടായിരുന്നത് സിസിടിവികൾ മാത്രമായിരുന്നെന്ന് എസ്‌ഐസിയാദ് മുഹമ്മദ് ഇടിവി ഭാരതിനോട് പറഞ്ഞു.
''അധിക സമയവും നടത്തമായിരുന്നു. വഴിയിലുടനീളം ക്യാമറകൾ പരിശോധിച്ചു. സൂചനകൾ ലഭിച്ചതോടെ വിഷ്ണുവിന് ഒന്നും സംഭവിച്ചില്ല എന്ന് മനസിലായി. 450തിലേറെ സിസിടിവികളാണ് പരിശോധിച്ചത്'' എസ് ഐ പറഞ്ഞു.