എറണാകുളം: വിദേശത്തു നിന്ന് ഹവാല പണം കടത്തിയെന്നാരോപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹി ജാസ്‌മിൻ ഷായ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ജാസ്‌മിൻ ഷായ്‌ക്കെതിരെ ഇഡി അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. എറണാകുളം സ്വദേശിയായ മാധ്യമ പ്രവർത്തകനാണ് ഹർജിക്കാരൻ.
ഹർജിയിൽ ഇഡിയുടെ നിലപാട് തേടിയ ഹൈക്കോടതി വിഷയം 10 ദിവസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എം കെ കണ്ണനുമായി ജാസ്‌മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്‌തുവകകൾ ജാസ്‌മിൻ ഷാ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വാങ്ങിക്കൂട്ടിയതായും ആരോപണമുയരുന്നുണ്ട്. ഇക്കാര്യത്തിലടക്കം ഇ ഡി അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.