തിരുവനന്തപുരം:സംസ്ഥാനത്തെസ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്‌ച മാത്രം ബാക്കി നില്‍ക്കേ അനിശ്ചിതാവസ്ഥയിലായി തലസ്ഥാനത്തെ പ്രധാന പാതകള്‍ കുഴിച്ചുള്ള സ്‌മാര്‍ട്ട് റോഡ് നിര്‍മാണം. കനത്ത മഴയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 12 റോഡുകള്‍ ഒരുമിച്ച് പൊളിച്ച് നീക്കിയാണ് നിര്‍മാണത്തിന് തുടക്കമിട്ടത്.
പ്രധാനപ്പെട്ട റോഡുകളായ സ്റ്റാച്യു-ജനറല്‍ ആശുപത്രി ജംഗ്ഷന്‍ റോഡ്, യൂണിവേഴ്‌സിറ്റി കോളജ് റോഡ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പായി തുറന്ന് നല്‍കിയത്. എന്നാല്‍ ഉപരിതല നവീകരണം നടക്കുന്ന 18 റോഡുകള്‍ ഉള്‍പ്പെടെ മഴയെത്തിയതോടെ ചെളിക്കുളമായി.
സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിലെ 40 റോഡുകൾ നവീകരിക്കാനുള്ള പദ്ധതിക്കാണ് മാർച്ചിൽ പ്രവർത്തനമാരംഭിച്ചത്. ജില്ലയിലെ 64 റോഡുകൾ സ്‌മാർട്ടാക്കാൻ കേരള റോഡ് ഫണ്ട് ബോർഡുമായി ചേർന്നുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരമധ്യത്തിൽ പൊതുജനങ്ങൾ വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന ആല്‍ത്തറ - തൈക്കാട് റോഡ്, ജനറല്‍ ആശുപത്രി - വഞ്ചിയൂര്‍ റോഡ്, അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ് എന്നീ റോഡുകൾ പൂർണമായും മഴയിൽ ഉപയോഗ ശൂന്യമായി. ആല്‍ത്തറ - തൈക്കാട് റോഡിൽ ആല്‍ത്തറ മുതല്‍ ഫോറസ്റ്റ് സ്റ്റേഷന്‍വരെയും വനിത കോളജ് വരെയും നേരത്തെ ഗതാഗതത്തിന് തുറന്നുനല്‍കിയിരുന്നു.
മാർച്ചിൽ പൂർത്തിയാക്കേണ്ടിയിരുന്ന ഫോറസ്റ്റ് ഓഫീസ് ജംഗ്ഷന്‍ - ബേക്കറി ജംഗ്ഷന്‍, തൈക്കാട് ഹൗസ് - കീഴെ തമ്പാനൂര്‍, നോര്‍ക്ക - ഗാന്ധി ഭവന്‍, റോഡുകളിൽ ഭാഗികമായി ഗതാഗതം അനുവദിച്ചിരുന്നെങ്കിലും മഴ തുടങ്ങിയതോടെ ജീവൻ കൈയ്യിൽ പിടിച്ച് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡിൽ ഇന്നലെ മുതൽ കനത്ത വെള്ളക്കെട്ടാണ്. സ്ഥലത്ത് ഓടകൾ വൃത്തിയാക്കാനുള്ള നടപടികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്.
ഓവര്‍ ബ്രിഡ്‌ജ് - കലക്‌ടറേറ്റ്- ഉപ്പിടാംമൂട് ജംഗ്ഷന്‍, ജനറല്‍ ഹോസ്‌പിറ്റല്‍ - വഞ്ചിയൂര്‍, ആല്‍ത്തറ - ചെന്തിട്ട റോഡുകളാണ് ഇപ്പോൾ പൂർണമായി ഗതാഗതം അനുവദിച്ചിട്ടുള്ളത്. ഇതിൽ സ്റ്റാച്യു - ജനറല്‍ ഹോസ്‌പിറ്റല്‍ റോഡിൽ ഉദ്ഘാടനത്തിന് ശേഷവും പോസ്റ്റുകൾ സ്ഥാപിക്കാനുള്‍പ്പെടെ ഫുട്ട്പാത്തുകൾക്ക് സമീപം വൻ കുഴിയെടുത്തിട്ടിട്ടുണ്ട്.
റോഡ് നിര്‍മാണം 'പെരുവഴിയിലാക്കി' കരാർ കമ്പനി
ഏപ്രിൽ അവസാനത്തോടെ 80 ശതമാനത്തോളം പൂർത്തിയാകേണ്ടിരുന്ന സ്‌മാർട്ട് റോഡ് നിര്‍മാണം പെരുവഴിയിലാക്കിയത് മുൻ കരാർ കമ്പനിയാണെന്ന വ്യാപക പരാതിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുയരുന്നത്. മുംബൈ ആസ്ഥാനമായ എൻഎം കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു ആദ്യം കരാർ നൽകിയിരുന്നത്. എന്നാൽ ചെറുറോഡുകൾ എല്ലാം ഒരുമിച്ച് കുത്തിപൊളിച്ചത് വ്യാപക പരാതികളുയരാന്‍ കാരണമായി.