തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥനെ മരിക്കുന്നതിന് മുന്‍പ് 29 മണിക്കൂര്‍ സഹപാഠികളും സീനിയേഴ്‌സും തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നതായി കേരള പൊലീസിന്‍റെ റിപ്പോര്‍ട്ട്. കേസന്വേഷണത്തിനെത്തിയ സിബിഐ സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
20 വയസുകാരനായ സിദ്ധാര്‍ത്ഥ് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്‌ച അന്വേഷണത്തിനെത്തിയ സിബിഐ സംഘം 20 പേര്‍ക്കെതിരെ എഫ്ഐആറും രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, റാഗിങ്ങ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സിബിഐക്ക് സംസ്ഥാന പൊലീസ് കൈമാറിയ രേഖകളില്‍ വൈത്തിരി പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടര്‍ പ്രഷോഭ് പി വി നല്‌കിയ റിപ്പോര്‍ട്ടിലാണ് സിദ്ധാര്‍ത്ഥന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി സൂചിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കൈ കൊണ്ടും ബെല്‍റ്റ് കൊണ്ടും സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുണ്ടായ മാനസിക പിരിമുറുക്കം സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചു. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് രാത്രി 12.30 നും 01.45 നുമിടയില്‍ സിദ്ധാര്‍ത്ഥന്‍ ഹോസ്‌റ്റല്‍ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.