തിരുവനന്തപുരം :മറ്റൊരു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ രണ്ടു കൊലപാതകക്കേസുകള്‍ സൃഷ്‌ടിക്കുന്ന പ്രതിസന്ധിയില്‍ ഉഴലുകയാണ് സംസ്ഥാന സിപിഎം നേതൃത്വം. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി ഏകദേശം മുഴുവന്‍ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ഉള്‍പ്പെടെ നല്‍കിയതോടെ അകപ്പെട്ട പ്രതിസന്ധിയുടെ ഇരട്ടി ആഘാതത്തിലേക്കാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ മരണവും സിപിഎമ്മിനെ തള്ളിയിടുന്നത്.
സിദ്ധാര്‍ഥിന്‍റെ മരണം കെലപാതകമാണെന്നും സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്നുമുള്ള സിദ്ധാര്‍ഥിന്‍റെ പിതാവ് ജയപ്രകാശിന്‍റെ ആരോപണം സിപിഎമ്മിനെ തീര്‍ത്തും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. മാത്രമല്ല സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവര്‍ മുഴുവന്‍ എസ്എഫ്‌ഐ ബന്ധമുള്ളവരാണ് എന്നത് സംഭവത്തില്‍ സിപിഎമ്മിന്‍റെ പങ്ക് സംശയത്തിനിടയില്ലാത്ത വിധം പുറത്തു വന്നു എന്നാണ് പ്രതിപക്ഷ ആരോപണം.
ഒളിവില്‍ കഴിയുന്ന മുഴുവന്‍ പേരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരമാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ നയിക്കുന്ന ക്രിമിനല്‍ സംഘമായി എസ്എഫ്‌ഐ മാറിയെന്നും അത്തരത്തില്‍ എസ്എഫ്‌ഐയെ ക്രിമിനല്‍ സഘമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു. സംഭവം നടന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ സംഭവത്തിന്‍റെ യഥാര്‍ഥ വസ്‌തുത പുറത്ത് കൊണ്ടു വരുന്നതിനുള്ള നിയമപരവും അല്ലാതുള്ളതുമായ എല്ലാ പിന്തുണയും സിദ്ധാര്‍ഥിന്‍റെ കുടുംബത്തിന് വാഗ്‌ദാനം ചെയ്‌തു.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരിക്കുന്നതിന് മുമ്പ് ദിവസങ്ങളോളം സിദ്ധാര്‍ഥ് ഒന്നും കഴിച്ചിരുന്നില്ലെന്നും ഒരു തുള്ളിവെള്ളമെങ്കിലും കൊല്ലുന്നതിന് മുമ്പ് എസ്എഫ്‌ഐക്കാര്‍ക്ക് മകന് കൊടുക്കാമായിരുന്നു എന്നുമുള്ള ആ പിതാവിന്‍റെ നെഞ്ചു പൊട്ടിയുള്ള ആരുടെയും കരളലിയിക്കുന്ന ആ വിതുമ്പലും ചെന്നു പതിക്കുന്നത് എസ്എഫ്‌ഐയിലും സിപിഎമ്മിലേക്കുമാണ്. ഈ വിഷയം സജീവമാകുന്നതിന് തൊട്ട് മുമ്പാണ് ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസിന്‍റെ ഹൈക്കോടതി വിധി സിപിഎമ്മിന് മേല്‍ ഇടിത്തീയായി പതിക്കുന്നത്.
കേസിലെ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി. കോടതി പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. സിപിഎം നേതാക്കളായ കെകെ കൃഷ്‌ണനും ജ്യോതിബാബുവുമാണ് കോടതി പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍. ഇതോടെ ടിപി കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന സിപിഎം പ്രതിരോധത്തിന്‍റെ മാറാപ്പു കൂടിയാണ് അഴിഞ്ഞു വീഴുന്നത്. ടിപി മരിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ ആത്‌മാവ് സിപിഎമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് ഒരു പക്ഷേ യാദൃച്ഛികമാകാം.
സിപിഎം ഒരു കൊലയാളി പാര്‍ട്ടിയാണെന്ന് വിധി തെളിയിച്ചിരിക്കുകയാണ് എന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രതികരണം. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിമിനല്‍ മനസാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം സജീവ ചര്‍ച്ചയാക്കുക തന്നെ ചെയ്യുമെന്നും സുധാകരന്‍ പറയുമ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ സമീപനമെന്തെന്ന് വ്യക്തം.