കേരളം

kerala

ETV Bharat / state

ലോറിയുടെ ക്യാബിനിൽ മകന് വേണ്ടി കരുതിയ കളിപ്പാട്ടം; നൊമ്പരമായി അർജുൻ്റെ വാഹനത്തിൽ നിന്ന് ലഭിച്ച വസ്‌തുക്കൾ - SHIRUR LANDSLIDE UPDATES - SHIRUR LANDSLIDE UPDATES

ഗംഗാവലിപ്പുഴയിൽ നിന്നും കരയ്‌ക്കെത്തിച്ച ലോറിയിൽ നിന്ന് കളിപ്പാട്ടം, ഫോണുകൾ, വാച്ച്, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ, അരി, പയര്‍ പച്ചക്കറി എന്നിവ ലഭിച്ചു.

ഷിരൂർ മണ്ണിടിച്ചിൽ  ARJUN SHIRUR LANDSLIDE  ARJUN LORRY  അർജുൻ ഷിരൂർ മണ്ണിടിച്ചിൽ
From left toy, Arjun lorry (ETV Bharat)

By ETV Bharat Kerala Team

Published : Sep 26, 2024, 1:43 PM IST

Updated : Sep 26, 2024, 2:22 PM IST

കോഴിക്കോട് : ഗംഗാവലിപ്പുഴയിൽ നിന്നും കരയ്‌ക്കെത്തിച്ച ലോറിയിലും കണ്ണ് നനയ്ക്കു‌ന്ന കാഴ്‌ച. കുഞ്ഞു മകന് വേണ്ടി കരുതിയ കളിപ്പാട്ട ലോറിയ്ക്ക്‌ ഒരു ക്ഷതവും പറ്റിയിട്ടില്ല. രണ്ട് ഫോണുകൾ, വാച്ച്, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ, അരിയും പയറും പച്ചക്കറികളും... ടൂത്ത് പേസ്റ്റ്, ഷേവിങ് സെറ്റ്, മുഖം നോക്കുന്ന കൊച്ചു കണ്ണാടിയുടെ ചില്ലുകൾ തകർന്നിരുന്നു. ലോറിയുടെ പേപ്പറുകളടക്കം ഫയലിൽ ഭദ്രം.

അർജുൻ്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് (ETV Bharat)

ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ അഭിജിത്ത് തിരിച്ചറിഞ്ഞു. രാവിലെ 9 മണിയോടെയാണ് രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ലോറി കരയ്‌ക്കെത്തിച്ചത്. അർജുൻ ഉപയോഗിച്ച വസ്‌തുക്കൾ മുഴുവൻ ലോറിയിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്.

അർജുൻ്റെ മകൻ്റെ കളിപ്പാട്ടം (ETV Bharat)

ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടമായ അർജുൻ്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് എംകെ രാഘവൻ എംപി അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉന്നയിച്ചിരുന്നു. ഒരു മലയാളിയെ കണ്ടെത്താൻ കർണാടക സർക്കാർ നടത്തിയ പരിശ്രമത്തിന് നന്ദിയും അറിയിച്ചു. സന്മനസാണ് കർണാടക സർക്കാർ കാണിച്ചത്. മനുഷ്യസാധ്യമായതിൽ എല്ലാം ഷിരൂരിൽ ചെയ്തെന്നും എംകെ രാഘവൻ പ്രതികരിച്ചു.

അർജുൻ്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കരയ്‌ക്കെത്തിച്ചപ്പോൾ (ETV Bharat)

അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നതെന്ന് അർജുൻ്റെ സഹോദരി അഞ്ജു പറഞ്ഞു. ആദ്യം സഹായിച്ചത് എംകെ രാഘവൻ എംപിയാണ്. സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച് കുടുംബത്തോടൊപ്പം നിന്നു. അർജുന് വേണ്ടി കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്‌തു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായി. യൂട്യൂബ് ചാനലുകൾ നടത്തിയ വ്യാജപ്രചരണം വേദനിപ്പിച്ചു.

അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങൾ സ്വീകരിച്ചു, എല്ലാവർക്കും ഉത്തരം കിട്ടി. ഡ്രഡ്‌ജിങ് സാധ്യമാക്കാൻ കെസി വേണുഗോപാലും എംകെ രാഘവനും നേരിട്ട് സമ്മർദം ചെലുത്തി. ലോറി കണ്ടെത്തുമെന്നും സമയമെടുക്കുമെന്ന് കാർവാർ എസ്‌പി കുടുംബത്തെ ബോധ്യപ്പെടുത്തി. തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ച് ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കർണാടക ഭരണകൂടം ഈശ്വർ മൽപെയെ തഴഞ്ഞതല്ല.

കുടുംബത്തിന് വേണ്ടി ജിതിനാണ് എല്ലാം ചെയ്‌തത്. ഡ്രഡ്‌ജർ എത്തിച്ചവർക്ക് അറിയാം കുടുംബം എടുത്ത പരിശ്രമം എത്രയാണെന്ന്. സതീഷ് എംഎൽഎ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്‌ജർ പരിശോധന നടന്നത്. മനാഫും വേണ്ട കാര്യങ്ങൾ ചെയ്‌തു. കുടുംബത്തിനും മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഡിഎൻഎ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കും. കുടുംബത്തോടൊപ്പം നിന്ന് എല്ലാവർക്കും നന്ദിയെന്ന് അഞ്ജു പറഞ്ഞു.

Also Read:'കണ്ണീര്‍ പുഴ'യില്‍ അര്‍ജുന്‍; ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം, മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ഇന്ന് ആരംഭിക്കും

Last Updated : Sep 26, 2024, 2:22 PM IST

ABOUT THE AUTHOR

...view details