കാസർകോട് : കേരളത്തിന്‍റെ വടക്കേ അതിർത്തിയായ കാസർകോട് നിന്ന് 308 കിലോമീറ്റർ ദൂരമുണ്ട് കർണാടകയിലെ ഷിരൂരിൽ എത്താൻ. ഇവിടെ നിന്നും ദേശീയ പാത 63 വഴി ഹുബ്ലിയിലും ദേശീയ പാത 75 വഴി കാർവാറിലും ഗോവയിലും എത്തിച്ചേരാൻ കഴിയും. ഷിരൂരിൽ നിന്ന് 39 കിലോമീറ്റർ ദൂരത്തിലാണ് കാർവാർ ജില്ലാ ആസ്ഥാനം.
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള നാടാണ് ഉത്തര കന്നഡയിലെ പ്രധാന നഗരമായ അങ്കോള. തീരദേശ മലയോരത്ത് വളരുന്ന വനകുറ്റി ചെടിയായ അങ്കോളയിൽ നിന്നാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്. അങ്കോള താലൂക്കിലെ പ്രധാനപ്പെട്ട വില്ലേജുകളിൽ ഒന്നാണ് ദുരന്തം ഉണ്ടായ ഷിരൂർ.
മലകളും കുന്നുകളും പച്ചപ്പും സമീപത്ത് കൂടെ ഒഴുകുന്ന ഗംഗാവലിയുമൊക്കെയാണ് ഷിരൂരിന്‍റെ സൗന്ദര്യം. ചൈനയിലേക്കും യൂറോപ്പിലേക്കും ഇരുമ്പയിര് കയറ്റി അയക്കുന്ന പ്രകൃതിദത്ത തുറമുഖമുള്ള ഈ നാട് വ്യാവസായികമായും വാണിജ്യപരമായും മുന്നിലാണ്.
ദീർഘ ദൂര ലോറികൾ ഓടിച്ചെത്തുന്ന ഡ്രൈവർമാർ വിശ്രമിക്കാൻ നിർത്തിയിടുന്ന സ്ഥലമാണിത്. ഇവിടത്തെ പുഴയിലെ ഒഴുക്കിൽ കുളിച്ചു മലയാളം അറിയുന്ന ചായക്കടക്കാരന്‍റെ കയ്യിൽ നിന്ന് ഭക്ഷണവും കഴിച്ചാണ് ഡ്രൈവർമാർ മടങ്ങുക.
ഇവിടെ ഇതുവരെ ഒരുതരത്തിലുള്ള പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പക്ഷേ ഒരാഴ്‌ച തുടർച്ചയായി പെയ്‌ത പേമാരിയിൽ ഷിരൂർ അക്ഷരാർഥത്തിൽ നടുങ്ങി. ഷിരൂരിലെ വലിയ മല ഒന്നാകെ പൊട്ടി അടർന്ന് റോഡിലേക്ക് പതിച്ചു. ഈ ദുരന്തത്തിൽ മരണം 12 ആവുകയും മലയാളി ഡ്രൈവർ അർജുനും ലോറിയും മണ്ണിനടിയിൽ അകപ്പെടുകയും ചെയ്‌തതോടെ കന്നഡ ഗ്രാമവും മലയാളികളും ഞെട്ടി.