കോഴിക്കോട്:അണ മുറിയാത്ത ആയിരങ്ങളുടെ കണ്ണീർ പ്രവാഹത്തിനിടയിൽ അർജുന് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് ഭൗതികശരീരം വീട്ടിലെത്തിയതോടെ 72 ദിവസമായി നാടും അർജുൻ്റെ വീട്ടുകാരും അടക്കിപ്പിടിച്ച സങ്കടക്കടൽ വിങ്ങിപ്പൊട്ടി. കണ്ണാടിക്കൽ ഗ്രാമം ഇതുവരെ കാണാത്തത്രയും ജനസഞ്ചയമാണ് അർജുൻ്റെ ഭൗതിക ശരീരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണാടിക്കലേക്ക് ഒഴുകിയെത്തിയത്.
പുലർച്ചെ മുതൽ തന്നെ കോഴിക്കോടും സമീപ ജില്ലകളിലും ഉള്ളവർ കണ്ണാടിക്കലിൽ തമ്പടിച്ചു. രാവിലെ എട്ടുമണിക്ക് വീട്ടിലെത്തും എന്ന് പ്രതീക്ഷിച്ചിരുന്ന അർജുൻ്റെ ഭൗതികശരീരവുമായി വന്ന ആംബുലൻസ് ഒൻപതു മണിയോടെയാണ് വീടിനടുത്ത് എത്തിയത്. ആംബുലൻസ് വന്ന വഴിയിലെല്ലാം 'ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് അന്തിമ അഭിവാദ്യമർപ്പിച്ചുകൊണ്ട് ജനങ്ങൾ കാത്തിരുന്നു.
മന്ത്രി ശശീന്ദ്രനും കോഴിക്കോടിലെയും സമീപ ജില്ലകളിലെയും ജനപ്രതിനിധികളും ഉൾപ്പെടെ അന്തിമ ചടങ്ങുകൾക്ക് മുന്നിൽ നിന്നു. കൂടാതെ അർജുനെ കാണാതായതു മുതൽ തെരച്ചിലിനും മറ്റു പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി ഒപ്പം നിന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണയും ഒരു കാരണവരെ പോലെ അന്തിമ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലോറിയുടമ മനാഫും നിറകണ്ണുകളോടെ അവസാനം വരെ ചിതയ്ക്കരികിൽ നിന്നു.