കാസർകോട്: കാഞ്ഞങ്ങാട് സബ് കലക്‌ടറുടെ കാർ ജപ്‌തി ചെയ്‌ത് ഹൊസ്‌ദുർഗ് സബ് കോടതി. മേൽപ്പാലം നിർമാണത്തിന്‍റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്ക് ഉടമസ്ഥന് പണം നൽകാത്തതിനെ തുടർന്നാണ് കോടതി നടപടി.
നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിന്‍റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തിന്‍റെ ഉടമകളാണ് ഹർജിക്കാർ. ഇഞ്ചൻ വീട്ടിൽ മാണിക്യത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. 2003ല്‍ ഇവരുടെ 10 സെന്‍റ് ഏറ്റെടുത്ത്, സെന്‍റിന് 2000 രൂപ പ്രകാരം 20,000 രൂപയാണ് അന്ന് അനുവദിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത് മതിയായ തുകയല്ലെന്ന് കാണിച്ച് മാണിക്യം ഹൊസ്‌ദുർഗ് സബ് കോടതിയെ സമീപിക്കുകയായിരുന്നു. അനുകൂല വിധികിട്ടാത്തതിനെ തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ മാണിക്യം മരിച്ചു.
എന്നാല്‍ മക്കൾ കക്ഷിചേർന്ന് കേസുമായി മുന്നോട്ടുപോയി. കേസ് പുനർവിചാരണ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീണ്ടും കേസ് ഹൊസ്‌ദുർഗ് സബ് കോടതിയിലെത്തി. സെന്‍റിന് അരലക്ഷം രൂപ നൽകാൻ കോടതി വിധിച്ചു.
രണ്ട് വർഷം മുൻപേ വിധി വന്നെങ്കിലും ഇതുവരെയും പണം നൽകിയില്ല. ഈ വർഷം ജനുവരിയിൽ ഹർജിക്കാർ വീണ്ടും കോടതിയെ സമീപിച്ച് പണം കിട്ടിയില്ലെന്ന് അറിയിച്ചു. പലതവണ നിർദേശിച്ചിട്ടും സർക്കാർ പണം കൈമാറാത്തതിനെ തുർന്ന് കഴിഞ്ഞ ദിവസം സബ് കലക്‌ടറുടെ കാർ ജപ്‌തി ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
കാർ കോടതിയിലെത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്‌തു. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് കെ.എൽ. 14 എൻ 9999 നമ്പർ കാർ കോടതിയിലെത്തിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. കെ. പീതാംബരൻ ഹാജരായി.
Also Read: കേരളം 'കൂളാകുന്നു', മിക്കയിടങ്ങളിലും താപനില കുത്തനെ കുറഞ്ഞു