സൈക്കിൾ ചവിട്ടാൻ സ്‌ത്രീൾക്ക് പരിശീലനം കോഴിക്കോട്: വീഴുമോയെന്ന പേടി കൊണ്ടു മാത്രം സൈക്കിൾ ചവിട്ടാത്ത നിരവധിയാളുകളുണ്ട്. സൈക്കിൾ ചവിട്ടാൻ പഠിച്ചുകഴിഞ്ഞാലോ അതിൽപ്പരം സുഖമുള്ള യാത്ര മറ്റൊന്നിൽ നിന്നും കിട്ടില്ലെന്നും തോന്നും.
സൈക്കിൾ ചവിട്ടാൻ അറിയാത്ത സ്‌ത്രീകളെ ഒന്ന് പഠിപ്പിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചിറങ്ങിയതാണ് പെരുമണ്ണ ഇഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്‌പിസി യൂണിറ്റ് (Perumanna EMS Higher Secondary School SPC Unit). ബൈക്‌സ് ഇന്ത്യ ഫൗണ്ടേഷനുമായി (Bikes India Federation) ചേർന്നാണ് ഷീ സൈക്ലിങ് എന്ന പേരിൽ സൈക്കിൾ പരിശീലന പദ്ധതി ആരംഭിച്ചത് (She Cycling programme).
35ഓളം സ്‌ത്രീകളാണ് പരിശീലിക്കാനായി എത്തിയത്. ഇതിൽ ഭൂരിഭാഗവും 40 വയസിന് മുകളിൽ പ്രായമുള്ളവർ. ഇതിന് മുൻപ് സൈക്കിൾ ഒന്ന് തൊട്ടുപോലും നോക്കാത്തവർ ദിവസങ്ങൾക്കകം സൈക്കിൾ സുഗമമായി ചവിട്ടാൻ തുടങ്ങി. ഷീ സൈക്ലിങ്ങിലൂടെ പത്തോളം ഭിന്നശേഷിക്കാർക്കും പരിശീലനം നൽകുന്നുണ്ട്.
ഇഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ റിപ്പേർഡ് ബൈസിക്കിൾ ഫോർ റീയൂസ് എന്ന പേരിൽ സൈക്കിൾ ക്ലിനിക് നടത്തി വിജയിച്ച ആത്മവിശ്വാസമാണ് ഇത്തരത്തിൽ ഒരു പദ്ധതിയിലേക്ക് ഇവരെ എത്തിച്ചത്. കേടായ സൈക്കിളുകൾ ശേഖരിച്ച് കേഡറ്റുകൾ തന്നെ റിപ്പയർ ചെയ്‌ത് അർഹർക്ക് കൈമാറുന്നതായിരുന്നു ഈ പദ്ധതി. അതിൻ്റെ രണ്ടാം ഘട്ടമായാണ് ഷീ സൈക്ലിങ് പദ്ധതി ആരംഭിച്ചത്.
ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേരാണ് സൈക്കിൾ പരിശീലനത്തിനായി എത്തുന്നത്. വീഴില്ല എന്ന ബോധ്യം നൽകുകയാണ് പരിശീലനത്തിൽ ആദ്യം ചെയ്യുന്നത്. ഷീ സൈക്ലിങ് വിജയമായതോടെ ഇഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്‌പിസി യൂണിറ്റ് ഈ പദ്ധതി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.