കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്‌റ്റിൽ. കക്കോടി ഒറ്റത്തെങ്ങ് ഹരിനിവാസിൽ നന്ദ സുനു (52) ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
മെയ് രണ്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്ലംബിങ് ജോലിക്ക് എത്തിയതായിരുന്നു ഇയാൾ. സെല്ലിനുള്ളിലെ പ്ലംബിങ് ജോലിക്കിടയിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
സംഭവം പരാതിയായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ നന്ദ സുനുവിനെ റിമാൻഡ് ചെയ്‌തു.
പന്തീരാങ്കാവ് പീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍ :കോഴിക്കോട് പന്തീരാങ്കാവിൽ ഒരു വർഷം മുൻപ് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മലപ്പുറം കാടപ്പടി നടുക്കര ചിപ്പിലാട്ട് വീട്ടിൽ അഷ്‌കർ അലി (33) യെയാണ് പന്തീരാങ്കാവ് പൊലീസ് ജൂൺ 9 ന് കസ്‌റ്റഡിയിൽ എടുത്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
വിവാഹ വാഗ്‌ദാനം നൽകി പാലാഴിക്ക് സമീപമുള്ള ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. യുവതി ഗർഭിണിയായ ശേഷം പ്രതി ഇവരെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ തന്നെ പ്രതി ഒളിവിൽ പോയി.
അതിനിടയിലാണ് ഒരു വർഷത്തിനുശേഷം പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ കെ പി വിനോദ് കുമാർ, എസ്‌ഐ കെ മഹേഷ്, സിപിഒമാരായ ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ALSO READ :പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍