എറണാകുളം:ലൈംഗികാതിക്രമക്കേസില്‍ നടനും ഇടത് എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. മുകേഷിന് പുറമെ ഇടവേള ബാബുവിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിടരുത്, അന്വേഷണത്തിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് വി.എസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ചന്ദ്രശേഖരനെതിരെ പുതിയൊരു കേസ് കൂടി റജിസ്റ്റർ ചെയ്‌ത സാഹചര്യത്തിലാണ് ഈ കേസിൽ കോടതിയിൽ ഇന്നും വാദം നടന്നത്.
പരാതി പിൻവലിക്കാൻ പീഡനക്കേസ് നൽകിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. അതേ സമയം പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുകേഷിൻ്റെയും ഇടവേള ബാബുവിൻ്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ട് ദിവസം വിശദമായി രഹസ്യവാദം കേട്ടശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. പ്രതികൾ സമർപ്പിച്ച സാങ്കേതികമായ തെളിവുകൾ ഉൾപ്പടെ കോടതി പരിശോധിച്ചിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും കോടതി പരിശോധിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്.
അനേഷ്വണവുമായി സഹരിക്കാമെന്ന് മുകേഷ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി ബ്ലാക്ക്‌മെയിൽ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ മുകേഷ് ആരോപിച്ചിരുന്നു. പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്‌സ് ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു.
മുകേഷിനെക്കൂടാതെ പ്രതികളായ കോണ്‍ഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരനും നടന്‍ ഇടവേളബാബുവും തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിര്‍ക്കുകയും മൂവര്‍ക്കുമെതിരെ ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ആലുവയിലെ നടിയുടെ പരാതിയിലാണ് മുകേഷ്, ഇടവേള ബാബു, വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇതേ തുടർന്നാണ് മൂവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
Also Read:'ഞാന്‍ ബ്ലാക്ക്‌മെയിൽ ചെയ്‌തെങ്കില്‍ എന്തുകൊണ്ട് അന്ന് പരാതി നല്‍കിയില്ല'; മുകേഷിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്ന് നടി