കോഴിക്കോട്: തനിക്ക് അനുകൂലമായ തീരുമാനമുണ്ടായാൽ സർക്കാറിൻ്റെ തീരുമാനത്തെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുമെന്ന് ഐസിയു പീഡനക്കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിത വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം നീതിക്കൊപ്പം ആണെന്ന് തെളിയിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു തീരുമാനം. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ആറുവരെ മെഡിക്കൽ കോളജിന്‍റെ പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിവരുന്ന സമരം തനിക്ക് വലിയ വേദന തരുന്നതായിരുന്നു എന്നും അനിത പറഞ്ഞു.
ക്യാമ്പസിന് ഉള്ളിൽ ഇത്തരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കുന്നത് ആരോഗ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിട്ടും യാതൊരുവിധ നടപടിയും ഇതുവരെ എടുക്കാതിരുന്നത് വലിയ ഹൃദയ വേദന ഉണ്ടാക്കിയെന്നും സിസ്‌റ്റർ അനിത വ്യക്‌തമാക്കി. ആവശ്യ സർവീസ് ആയ നഴ്‌സുമാരെ ഇത്തരത്തിൽ പുറത്തിരുത്തിക്കുന്നത് പൊതുജനം കണ്ടാൽ എന്തായിരിക്കും വിചാരിക്കുക എന്ന് എല്ലാവരും ചിന്തിക്കണമെന്നും അവർ പറഞ്ഞു. ഈയൊരു വിഷയം സർക്കാരും അധികൃതരും നേരത്തെ തന്നെ നോക്കിക്കണ്ട് പരിഹരിക്കേണ്ടതായിരുന്നു എന്നും അവർ വ്യക്തമാക്കി.
ഐസിയു പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫിസറാണ് പി ബി അനിത. ജോലിയിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും കോളജ് അധികൃതർ തയ്യാറാകത്തതിൽ പ്രതിഷേധിച്ചായിരുന്നു അനിത സമരം നടത്തിയിരുന്നത്.