കോഴിക്കോട് : ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും തീരുമാനമെടുക്കാത്ത സർക്കാരിനെതിരെ മെഡിക്കൽ കോളജിലെ സീനിയർ നഴ്‌സിങ് ഓഫിസർ പി ബി അനിത തുടരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. ഐസിയു പീഡന കേസിൽ അതിജീവിതക്ക് ഒപ്പം നിന്നതിനാണ് സർക്കാർ ഇവരോട് മുഖം തിരിക്കുന്നത്. അതിനിടെ സമരപ്പന്തലിൽ ഇന്ന് അതിജീവിതയും എത്തും.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിലാണ് അനിത സമരം നടത്തുന്നത്. ജോലിയിൽ പ്രവേശിക്കാനുള്ള ഹൈക്കോടതിയുടെ അനുകൂല ഉത്തരവിൽ തീരുമാനമെടുക്കാതെ സർക്കാർ മുന്നോട്ടുപോകുന്നു എന്ന് മാത്രമല്ല ഉത്തരവിനെതിരെ സർക്കാർ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.
2023 മാർച്ച് 18 നാണ് മെഡിക്കൽ കോളജ് ഐസിയു പീഡനകേസിൽ അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് അനിത സ്വീകരിച്ചത്. ആരോഗ്യവകുപ്പിന്‍റെ തെളിവെടുപ്പിലുൾപ്പെടെ അനിത നിലപാടിൽ ഉറച്ചുനിന്നു. നഴ്‌സിങ് ഓഫിസറെന്ന രീതിയിൽ അനിത കൃത്യമായി ഡ്യൂട്ടി നിർവഹിക്കുകയാണെന്ന നിലപാടായിരുന്നു അന്വേഷണം നടത്തിയവർക്കും.
എന്നാൽ, റിപ്പോർട്ട് അതിന് വിരുദ്ധമായിരുന്നു. ഇതോടെ അനിതയെ സ്ഥലം മാറ്റി. നവംബർ 28 നാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. തുടർന്ന് അവർ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. അവധിയിൽ പ്രവേശിച്ച അനിത ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള ഉത്തരവ് കൈപ്പറ്റി. എന്നാൽ സർക്കാർ കടുംപിടുത്തം തുടരുന്നതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.
ALSO READ : ഹൈക്കോടതി വിധിയുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല: ഐസിയു പീഡനക്കേസിൽ അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫിസര്‍ ഉപവാസ സമരം ആരംഭിച്ചു