തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഇങ്ങെത്തി നിൽക്കേ കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കും ബംബറടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട് വരെ സർവീസ് നടത്തിയിരുന്ന വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടിയതിന്‍റെ ആഹ്ളാദത്തിലാണ് യാത്രക്കാർ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊല്ലം-തിരുപ്പതി എക്‌സ്‌പ്രസിന്‍റെയും മംഗളൂരുവരെയുളള വന്ദേഭാരതിന്‍റെയും ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചു (Second Vande Bharat Express And Kollam-Tirupati- Express Details).
ഒരുവർഷമായിട്ടും കോച്ചില്ല എന്ന കാരണത്താലായിരുന്നു കൊല്ലം-തിരുപതി എക്‌സ്‌പ്രസ് സർവീസ് നടത്താതിരുന്നത്. എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ ലഭിച്ചതോടെ കേരളത്തില്‍ നിന്നുള്ള ആന്ധ്ര- തെലങ്കാന യാത്രക്കാര്‍ക്ക് ഒരു ട്രെയിന്‍ കൂടി ലഭിച്ചുവെന്ന് പറയാം.
രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്.
മംഗളൂരുവരെ നീട്ടിയ വന്ദേഭാരതിന്‍റെയും കൊല്ലം-തിരുപതി എക്‌സ്‌പ്രസിന്‍റെയും സമയക്രമം ഇങ്ങനെ
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത്:കാസർകോട് നിന്നും രാവിലെ ഏഴിന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനിമുതല്‍മംഗളൂരുവിൽ നിന്നും രാവിലെ 6 :25നാണ് പുറപ്പെടുക. വൈകുന്നേരം 4:05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12:40 ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണ് യാത്ര ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മറ്റ് സ്‌റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ലെന്ന് റെയില്‍ വെ അറിയിച്ചു.
കൊല്ലം-തിരുപ്പതി എക്‌സ്‌പ്രസ്:തിരുപ്പതിയില്‍ നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുക. തിരിച്ചുള്ള ട്രെയിൻ ബുധൻ, ശനി ദിവസങ്ങളിലായിരിക്കും. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.20ന് കൊല്ലത്തെത്തും. കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണ് ട്രെയിൻ സർവീസ്. തിരിച്ചുള്ള ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ പത്തിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയിലെത്തും.
അതേസമയം അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ഡോ എംജിആർ സെൻട്രൽ, പട്‌ന-ലക്‌നൗ, ന്യൂ ജൽപായ്‌ഗുരി-പാറ്റ്ന, പുരി-വിശാഖപട്ടണം, ലക്‌നൗ-ഡെറാഡൂൺ, കലബുറഗി-ബെംഗളൂരു, റാഞ്ചി-വാരണാസി, ഖജുരാഹോ- ഡൽഹി തുടങ്ങി 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫാണ് അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിച്ചത്.