ഒരു പ്രത്യേക സംവിധായകന് വേണ്ടി തിരക്കഥ രചിക്കുമ്പോൾ ആ സംവിധായകന്‍റെ ശൈലിക്ക് അനുസരിച്ച് എഴുതാൻ തയ്യാറല്ലെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി. ജോഷിയാണെങ്കിലും ഷാജി കൈലാസ് ആണെങ്കിലും കെ മധു ആണെങ്കിലും വ്യത്യസ്‌ത ശൈലിയിൽ സിനിമ ചെയ്യുന്നവരാണ്. അവരുടെ ആഖ്യാന രീതികളെ ചോദ്യം ചെയ്യാനും തിരുത്തുവാനും ഒരിക്കലും ശ്രമിച്ചിട്ടില്ല. താൻ എഴുതിയ തിരക്കഥ അവരുടെ കൈകളിലേക്ക് എത്തുമ്പോൾ എന്‍റെ തിരക്കഥയിൽ അവർക്ക് ഒരു സംശയം ഉണ്ടാകാതിരിക്കുക എന്നുള്ളത് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്.
എങ്കിലും ചില കാര്യങ്ങളൊക്കെ ചില സംവിധായകർ ചോദിക്കും കൃത്യമായ മറുപടിയിലൂടെ സംശയനിവാരണം താൻ നടത്തുകയും ചെയ്യും. 'സീക്രട്ട്' എന്ന ആദ്യ സംവിധാന സംരംഭത്തിന് ഒരുങ്ങുന്ന മലയാളത്തിന്‍റെ ഹിറ്റ് തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഇടിവി ഭാരതത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് തന്‍റെ സിനിമ കരിയർ വിശേഷങ്ങൾ തുറന്നുപറഞ്ഞത്. തന്‍റെ എക്കാലത്തെയും വിഖ്യാത കഥാപാത്രം സാഗർ ഏലിയാസ് ജാക്കി രണ്ടാമതും എഴുതേണ്ടി വന്നു.
ആദ്യഭാഗമായ ഇരുപതാം നൂറ്റാണ്ടിനോട് കൃത്യമായി നീതിപുലർത്താൻ ആ ചിത്രത്തിന് സാധിച്ചിട്ടില്ല. തന്‍റെ തിരക്കഥയിൽ നിന്ന് ധാരാളം മാറ്റങ്ങൾ വരുത്തിയാണ് സംവിധായകൻ അമൽ ആ സിനിമ ചിത്രീകരിച്ചത്. സംവിധായകർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നിർദേശങ്ങളും ഡയലോഗുകളും മാത്രമാണല്ലോ ഒരു തിരക്കഥാകൃത്ത് സംവിധായകൻ കൊടുക്കുക. അതെങ്ങനെ ചിത്രീകരിക്കണം എന്നുള്ളത് സംവിധായകന്‍റെ മാത്രം തീരുമാനമാണെന്നും എസ്എൻ സ്വാമി പറഞ്ഞു.
സാഗർ ഏലിയാസ് ജാക്കി സ്റ്റൈലിഷ് ചിത്രമായിരുന്നെങ്കിലും ആത്മസംതൃപ്‌തി തന്നില്ല. പുതിയ സിനിമയായ സീക്രട്ട് സ്വയം സംവിധാനം ചെയ്യാൻ ചില ഘടകങ്ങളുണ്ട്. ലോക സിനിമയിൽ തന്നെ ഇതുപോലെ ഒരു ആശയം ഇതിനുമുമ്പ് ചർച്ച ചെയ്‌തിട്ടില്ല. അത്രയും വ്യത്യസ്‌തമായ ഒരു ആശയം മനസിൽ ഉദിക്കുമ്പോൾ അത് കൃത്യമായി പേപ്പറിൽ പകർത്തുക എന്നുള്ളതിനു ചില പരിമിതികൾ ഉള്ളതായി തോന്നി. പക്ഷേ അതൊക്കെ ചിത്രീകരിക്കണമല്ലോ.
മറ്റൊരു സംവിധായകനെ പറഞ്ഞു മനസിലാക്കുന്നതിലും ഭേദം സ്വയം സംവിധാനം ചെയ്യുന്നതാണെന്ന് കരുതിയെന്ന് എസ്എൻ സ്വാമി ഇടിവി ഭാരതിനോട് പറഞ്ഞു. സിനിമ കാണുന്നതും പുസ്‌തകങ്ങൾ വായിക്കുന്നതും ആണ് പ്രധാന ഹോബി. സിനിമ തന്‍റെ ആഹാരം ആണ്. സോഷ്യൽ മീഡിയയൊക്കെ വന്നശേഷം ധാരാളം ആൾക്കാർ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരും തിരിച്ചറിയാതെ സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടും പ്രശ്‌നമൊന്നുമില്ല. ആദ്യം മുതലേ സ്‌കൂട്ടറിൽ തന്നെയാണ് യാത്ര. ലളിത ജീവിതം നയിക്കുന്നു എന്ന് ബോധിപ്പിക്കാൻ ഒന്നുമല്ല. എറണാകുളം നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂട്ടറാണ് നല്ലതെന്ന് തോന്നി. കാലത്തിനനുസരിച്ച് തന്നിലെ കലാകാരനെ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാറൊക്കെയുണ്ട്.