ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടും കേരളവും സ്‌കൂൾ കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്ന് കോടതി പരിഹസിച്ചു. ഈ വിഷയത്തിൽ ജുഡീഷ്യൽ വിധിന്യായം ആവശ്യമാണോയെന്ന് മാത്രമാണ് തങ്ങൾ ചിന്തിക്കുന്നതെന്നും ഇരു കക്ഷികൾക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുന്നതാണ് അഭികാമ്യമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
അണക്കെട്ടിൻ്റെ പരിസരത്ത് മരങ്ങൾ മുറിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്താനുള്ള അനുമതി കേരള സർക്കാർ നിഷേധിച്ചതായി ആരോപിച്ച് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. വാദം കേൾക്കുന്നതിനിടെ അണക്കെട്ടുമായി ബന്ധപ്പെട്ട നിരവധി കേസുകൾ പരിഹരിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. തമിഴ്‌നാടും കേരളവും തമ്മിലുള്ള എല്ലാ കേസുകളുടെയും ഒരു ലിസ്റ്റ് നൽകാൻ കഴിയുമെങ്കിൽ അതിന് എല്ലാത്തിനും കൂടി ഇന്ന് തന്നെ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂൾ കുട്ടികൾ വഴക്കിടുന്നത് പോലെയാണ് കേരളവും തമിഴ്‌നാടുമെന്ന് ജസ്റ്റിസ് കാന്ത് നിരീക്ഷിച്ചു. കേരളമോ തമിഴ്‌നാടോ രൂപീകരിച്ചതല്ല മേൽനോട്ട സമിതിയെന്നും കേന്ദ്ര സർക്കാർ രൂപീകരിച്ചതാണെന്നും ആ സമിതി ഒരു നിഷ്‌പക്ഷ സാമ്രാജ്യം പോലെയാണെന്നും ബെഞ്ച് പറഞ്ഞു. കഴിഞ്ഞ 25 വർഷമായി പരിഹരിക്കാൻ കഴിയാത്ത ഒരു കാര്യത്തിന് തങ്ങളുടെ പക്കൽ ഉത്തരമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.