എറണാകുളം:നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നതായി സേവ് നിമിഷ പ്രിയ ഫോറം. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശക്തമായ ഇടപെടൽ മാത്രമാണ് ഈ ഘട്ടത്തിൽ ഗുണം ചെയ്യുകയെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ നാലു വർഷമായി നിമിഷയുടെ മോചനത്തിനായി ശ്രമിക്കുകയാണ്. അത് ഇപ്പോഴും തുടരുകയാണെന്ന് സേവ് നിമിഷ പ്രിയ ഫോറം കൺവീനർ ബാബു ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.
യെമനിലെ അഭിഭാഷകന് മുൻകൂർ ചർച്ചക്ക് വേണ്ടി നൽകാനുള്ള ചെലവിൻ്റെ രണ്ടാം ഗഡു ആയ 20,000 ഡോളർ ഇന്ത്യൻ എംബസിക്കു കഴിഞ്ഞ ഇരുപത്തിയേഴാം തീയതി അയച്ചു നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ തുടർ നീക്കങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണയായി 40,000 ഡോളർ നൽകിയത് മുൻകൂർ ചർച്ചകൾക്ക് വേണ്ടിയാണന്നും ബാബു ജോൺ വിശദീകരിച്ചു.
2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തലാൽ അബ്ദുല്‍ മഹ്ദിയെന്ന യെമൻ പൗരനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012ലാണ് നിമിഷപ്രിയ വീണ്ടും യെമനിൽ നഴ്സ് ആയി പോയത്. ഭർത്താവ് ടോമിയും യെമനിൽ ജോലിക്കായി എത്തിയിരുന്നു. യെമൻ പൗരൻ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ പാർട്ട്ണർഷിപ്പിൽ ക്ലിനിക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്.
ക്ലിനിക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യെമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ യെമൻ പൗരൻ്റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികവുമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു.