മലപ്പുറം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ സമസ്‌ത നേതാവുമായി കൂടിക്കാഴ്‌ച നടത്തി അടുത്തിടെ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബിജെപിയുടെ മുന്‍ നേതാവ് സന്ദീപ് വാര്യര്‍. മലപ്പുറത്തെ സയീദ് ജിഫ്രി മുത്തുകോയ തങ്ങളുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച.
സംസ്ഥാനത്തെ സുന്നി പണ്ഡിതരുടെ ഏറ്റവും ഉയര്‍ന്ന ഘടകമാണ് സമസ്‌ത കേരള ജം ഇയത്തുള്‍ ഉലമയാണ് സമസ്‌ത എന്ന് അറിയപ്പെടുന്നത്. നന്ദി അറിയിക്കാനാണ് താന്‍ ഇവിടെ വന്നതെന്നായിരുന്നു സന്ദീപിന്‍റെ പ്രതികരണം. സന്ദീപിനെതിരെ സമസ്‌തയുടെ രണ്ട് പ്രബല വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ട് മലയാളം പത്രങ്ങള്‍ സിപിഎമ്മിന്‍റെ പരസ്യം പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്ദീപിന്‍റെ പഴയ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ എടുത്ത് കാട്ടി ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പരസ്യം വലിയതോതില്‍ ചര്‍ച്ച ആയിരുന്നു.
തങ്ങള്‍ക്ക് കിട്ടുന്ന പരസ്യം ഏതായാലും തങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നാണ് മുത്തുകോയ തങ്ങള്‍ പ്രതികരിച്ചത്. അതേസമയം ഇതേക്കുറിച്ചുള്ള രാഷ്‌ട്രീയ വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പരസ്യങ്ങളെ എങ്ങനെ അനുവദിക്കുന്നത് എന്ന ചോദ്യം യുഡിഎഫ് ഉയര്‍ത്തുന്നു.
വര്‍ഗീയവാദിയായ ഒരു നേതാവിനെ യുഡിഎഫ് അംഗീകരിക്കുന്നുവെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് തങ്ങള്‍ പരസ്യത്തിലൂടെ ശ്രമിച്ചതെന്നാണ് സിപിഎമ്മിന്‍റെ വാദം.
അതേസമയം സമൂഹത്തില്‍ മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ തങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുത്തുകോയ തങ്ങള്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് ഏത് രാഷ്‌ട്രീയ പ്രത്യയ ശാസ്‌ത്രത്തില്‍ വിശ്വസിക്കാനുമുള്ള അവകാശമുണ്ടെന്നായിരുന്നു സന്ദീപിന്‍റെ ഭൂതകാല ബിജെപി ബന്ധം ചൂണ്ടിക്കാട്ടിയപ്പോഴുള്ള മറുപടി. ഇപ്പോള്‍ അദ്ദേഹം പഴയതില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു. നല്ല കാര്യം ചെയ്യുന്നവര്‍ ആരായാലും അവരെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്‌ത നേതാവുമായുള്ള കൂടിക്കാഴ്‌ചയില്‍ സന്ദീപ് വാര്യര്‍ സന്തോഷം അറിയിച്ചു. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചു.
തങ്ങള്‍ രാഷ്‌ട്രീയമൊന്നും ചര്‍ച്ച ചെയ്‌തില്ലെന്നും സന്ദീപ് വ്യക്തമാക്കി. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞാഴ്‌ച കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു.
Also Read:എതിരാളികളുടെ ഹോട്ടലില്‍ വച്ച് പണം കൈമാറാന്‍ മാത്രം വിഡ്ഢിയാണോ താനെന്ന് വിനോദ് താവ്‌ഡെ