കണ്ണൂര്‍:ശമ്പളമില്ലാതെ ആറളം വന്യജീവി സങ്കേതത്തിലെ വാച്ചര്‍മാര്‍. ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യത്തില്‍ ജോലി ചെയ്‌ത 35 വാച്ചര്‍മാര്‍ക്ക് കഴിഞ്ഞ ഏഴ് മാസത്തെ ശമ്പളമാണ് മുടങ്ങിയത്. ശമ്പള കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുമ്പോഴും ഓണം അടുത്തിട്ടും ശമ്പളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
ഒരു മാസത്തെ ശമ്പളം ഇന്ന് (സെപ്‌റ്റംബര്‍ 2) എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഫോറസ്റ്റ് വാച്ചര്‍മാര്‍ ഡിഎഫ്ഒ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചപ്പോള്‍ രണ്ട് മാസത്തെ ശമ്പളം ഉടനെ നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌ത് സമരം പിന്‍വലിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഓഗസ്റ്റ് 22ന് രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്ന് പറഞ്ഞത് നടപ്പായില്ല. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാന ശല്യത്തെ തടഞ്ഞ് നിര്‍ത്താന്‍ പ്രവര്‍ത്തിച്ച വാച്ചര്‍മാരോടാണ് സര്‍ക്കാരിന്‍റെ അവഗണന. ശമ്പളത്തിനായി 7 മാസത്തോളമായി ഇവര്‍ കാത്തിരിക്കുകയാണ്. ഇനിയും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയാണെന്ന് വാച്ചര്‍മാര്‍ പറയുന്നു.