ശബരിമല: പത്ത് ദിവസം നീണ്ടുനിന്ന ശബരിമല ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ പൈങ്കുനി - ഉത്രം മഹോൽസവത്തിന് സമാപനമായി. പമ്പ നദിയിൽ നടന്ന തിരു ആറാട്ടോടെയാണ് ചടങ്ങുകള്‍ പരിസമാപ്‌തിയായത്. ആറാട്ട് ബലിക്ക് ശേഷം രാവിലെ ഒൻപത് മണിക്ക് ശബരിമല അയ്യപ്പ സന്നിധാനത്ത് നിന്ന് ആറാട്ട് എഴുന്നെള്ളത്ത് പമ്പയിലേക്ക് തിരിച്ചു. ഉച്ചക്ക് 11.45 ഓടെ പമ്പയിൽ എത്തിയ ആറാട്ട് എഴുന്നെള്ളത്തിനെ ഭക്തർ ശരണംവിളികളോടെ സ്വീകരിച്ചു (SabariMala Temple Festival Concludes).
ആറാട്ട് ഘോഷയാത്ര പമ്പയിൽ എത്തിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തും അംഗങ്ങളായ അഡ്വ. എ അജികുമാറും ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ദേവസ്വം ബോർഡിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഔദ്യോഗിക വരവേൽപ്പും സ്വീകരണവും നൽകി. തുടർന്ന് പമ്പയിൽ ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ തിരുആറാട്ട് നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ആറാട്ട് കാണാൻ പമ്പയിൽ എത്തിച്ചേർന്നത് (Paikuni-Uthram Festival).