പത്തനംതിട്ട: ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തർക്ക് സൗജന്യ സേവനം നൽകാൻ 125 ഡോക്‌ടർമാരുടെ സംഘത്തെ നിയോഗിച്ച് സർക്കാർ. ദേവസ്വം ബോർഡുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യ വകുപ്പിൻ്റെ ഡോക്‌ടർമാർക്കൊപ്പമാണ് സർക്കാരിൻ്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെ ഇവരുടെ പ്രവർത്തനം.
'ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല' എന്ന പേരിൽ കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരായ ഡോക്‌ടർമാരാണ് സേവന സന്നദ്ധരായി എത്തിയത്. ഒരു വാട്‌സ്ആപ് കൂട്ടായ്‌മയിലൂടെയാണ് ഇവർ ഒരുമിച്ചത്. പ്രമുഖ ന്യൂറോ സർജൻ ഡോ. ആർ രാമനാരായണൻ ആണ് ഈ കൂട്ടായ്‌മയുടെ അമരക്കാരൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മകരവിളക്ക് വരെ വിവിധ ബാച്ചുകളായിട്ടായിരിക്കും ഡോക്‌ടർമാരുടെ പ്രവർത്തനമെന്ന് കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ആർ രാമനാരായണൻ പറഞ്ഞു. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്‌ടർമാരാണ് സംഘത്തിലുള്ളത്. നിലവിലുള്ള ആരോഗ്യ വകുപ്പിൻ്റെ ഡോക്‌ടർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഏത് അടിയന്തര ഘട്ടത്തിലും ചികിത്സ ഉറപ്പാക്കാനാകുമെന്നാണ് സംഘത്തിന്‍റെ പ്രതീക്ഷ.
മന്ത്രിയെ പരിശോധിച്ച് തുടക്കം
ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സഹിതമാണ് മെഡിക്കല്‍ സംഘം എത്തിയിട്ടുള്ളത്. സംഘത്തിൻ്റെ സേവന പ്രവർത്തനങ്ങൾക്ക് സന്നിധാനത്തെ ആരോഗ്യ വകുപ്പിൻ്റെ ആശുപത്രിയിൽ ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ തുടക്കം കുറിച്ചു. മന്ത്രിയുടെ ബി.പി പരിശോധിച്ചുകൊണ്ടായിരുന്നു തുടക്കം. കെയു ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, സന്നദ്ധപ്രവർത്തനത്തിനെത്തിയ ഡോക്‌ടർമാർ എന്നിവർ പങ്കെടുത്തു.
ശബരിമലയിലേക്ക് ഒഴുകിയെത്തി തീര്‍ഥാടകര്‍
അതേസമയം, വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌തും സ്പോട്ട് ബുക്കിങ്ങിലൂടെയും, ദിവസത്തിലല്ലാതെയുമായി ശബരിമല ദർശനമാരംഭിച്ചത് മുതൽ ഇതുവരെ എത്തിയത് 83429 അയ്യപ്പഭക്തരെന്ന് കണക്കുകൾ. നടതുറന്ന് ദർശനം തുടങ്ങിയ 15 മുതൽ ഇന്ന് (നവംബർ 16) വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്. മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ദർശനം നടത്തുന്നുണ്ട്.
ആറന്മുള ക്ഷേത്രത്തിന് സമീപവും കോഴഞ്ചേരിയിലും ശബരിമല പൊലീസ് എയ്‌ഡ് പോസ്‌റ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലുമുള്ള എയ്‌ഡ് പോസ്‌റ്റുകളുടെ ഉദ്ഘാടനം എസ്ഐ പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ എഎസ്ഐ രാജേഷ്, സിപിഒ താജുദീൻ എന്നിവർ പങ്കെടുത്തു. തീർഥാടന കാലം കഴിയും വരെ ഇവ പ്രവർത്തിക്കുമെന്നും, അയ്യപ്പഭക്തർക്കു വേണ്ട പൊലീസ് സേവനങ്ങൾ ലഭ്യമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു.