തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ എണ്ണം പരിമതിപ്പെടുത്തി ദര്‍ശനം പൂര്‍ണമായും മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലേക്ക് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ആളുന്നു. നേരത്തെ പ്രതിപക്ഷ പ്രതിഷേധം മാത്രമായിരുന്നെങ്കില്‍ ഭരണ മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ തന്നെ സ്‌പോട്ട് ബുക്കിങ്ങ് നിര്‍ത്തലാക്കിയതിനെതിരെ രംഗത്ത് വന്നത് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും മാറി ചിന്തിപ്പിക്കുന്നതിനിടയാക്കുമെന്നാണ് സൂചന. ശബരിമലയില്‍ ഒരിക്കല്‍ കൈ പൊള്ളിയിട്ടും വീണ്ടും അതേ വഴിക്ക് നീങ്ങുന്നുവെന്ന കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ സിപിഐ ഉയര്‍ത്തിയിരിക്കുന്നത്.
പിന്നാലെ, സ്‌പോട്ട് ബുക്കിങ്ങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇത് സംബന്ധിച്ച് നിയമസഭയില്‍ അദ്ദേഹം സബ്‌മിഷനും ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ വിഷയത്തെ ലാഘവത്തോടെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്‍റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു. ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.