പത്തനംതിട്ട:ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ജനുവരി 19 വരെ പ്രവർത്തിക്കും. മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി അയ്യപ്പഭക്തർക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കാനാണ് തീരുമാനം. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്. വിർച്വൽ ക്യു ബുക്കിങും ജനുവരി 19 വരെ ഉണ്ടാകും.
ജനുവരി 17 വരെയാണ് തിരുവാഭരണം അണിഞ്ഞുള്ള ദർശനം ലഭിക്കുക. ജനുവരി 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 20 ന് പന്തളം രാജ പ്രതിനിധി ദർശനം നടത്തിയ ശേഷം മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നടയടക്കും.
വനത്തിനുള്ളിൽ സേനയുടെ റസ്ക്യു ഓപ്പറേഷൻ
ശബരിമലക്ക് സമീപം കുന്നാർ ഡാം വനത്തിനുള്ളിൽ വച്ച് ശരീരികാസ്വാസ്ഥ്യമുണ്ടായ വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ എട്ട് കിലോമീറ്ററോളം ഉള്ളിൽ നിന്നാണ് പൊലീസ് ഔട്ട് പോസ്റ്റിലെ പാചകക്കാരനായ ഹരിപ്പാട് സ്വദേശി ശശിയെ (62) ആണ് സേനാംഗങ്ങൾ രക്ഷപെടുത്തിയത്.
രാത്രി 12:45ന് എഡിഎം അരുൺ എസ് നായർ സന്നിധാനത്തെ എൻഡിആർഎഫ് ബറ്റാലിയനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തുടർന്ന് 1:15 ഓടെ 12 പേരടങ്ങുന്ന എൻഡിആർഎഫ്, ഫയർ ആൻഡ് റസ്ക്യുവിലെ എട്ടു പേർ, നാല് വനം വകുപ്പ് ഉദ്യോഗസ്ഥർ, സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെൻ്ററിലെ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘം കുന്നാർ ഡാം മേഖലയിലേക്ക് തിരിച്ചു. രാത്രി യാത്രയിൽ മഴയുണ്ടായിരുന്നതിനാൽ വന്യമൃഗങ്ങളുള്ള വനത്തിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാത്രി 3:30ന് കുന്നാർ ഡാം പൊലീസ് പോസ്റ്റിൽ എത്തിയ സംഘം രോഗിയെ സ്‌ട്രെച്ചറിൽ വനത്തിനുള്ളിൽ നിന്നും പുറത്ത് എത്തിക്കുകയായിരുന്നു. വെളുപ്പിന് 6:15 ന് ശശിയെ സന്നിധാനത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും അമിത രക്തസമ്മർദ്ദവും കാരണമാണ് ശശിക്ക് തളർച്ചയും അസ്വസ്ഥതയുമുണ്ടായതെന്ന് ഡോക്‌ടർ അറിയിച്ചു.
സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്ന പ്രധാന സ്രോതസാണ് പെരിയാർ ഉൾവനത്തിനുള്ളിലെ കുന്നാർ ചെക്ക് ഡാം. ശബരിമല സീസണിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ പൊലീസുകാരെ ഡാം പ്രദേശത്ത് വിന്യസിക്കാറുണ്ട്.
Read More: ദേവസ്വം ആസ്ഥാനത്തേക്ക് പദയാത്രക്കൊരുങ്ങി ശിവഗിരി മഠം; ഷര്‍ട്ട് ധരിച്ച് ക്ഷേത്രദർശനമടക്കമുള്ള ആവശ്യങ്ങൾ - TEMPLE ENTRY WEARING SHIRTS