തിരുവനന്തപുരം:ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ് മാത്രം. വരുന്ന മണ്ഡല-മകരവിളക്ക് കാലം മുതല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ ശബരിമലയിലെത്തി സ്‌പോട് ബുക്കിങ് നടത്തി തീര്‍ഥാടനം ചെയ്യാന്‍ കഴിയില്ല. അടുത്ത മണ്ഡല കാലം മുതൽ സ്പോട് ബുക്കിങ് ഉണ്ടാകില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വെബ് സൈറ്റില്‍ കയറി ഓണ്‍ലൈന്‍നായി മുന്‍കൂര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്തുന്നവര്‍ക്ക് മാത്രമേ ഇനി ശബരിമല ദര്‍ശം സാധ്യമാവുകയുള്ളൂ. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
ഇന്ന് (04-05-2024) നടന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ബുക്കിങ് 80,000 ആയി നിജപ്പെടുത്തും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ മൂന്ന് മാസം മുന്‍പേ ഓണ്‍ലൈന്‍ ബുക്കിങ് നടത്താമെന്ന പ്രത്യേകതയുണ്ട്.
നേരത്തെ, 10 ദിവസം മുന്‍കൂറായി മാത്രമായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ ശബരിമല ഭക്ത ജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ വന്‍ വീഴ്‌ചയുണ്ടായത് ദേവസ്വം ബോര്‍ഡിന് നാണക്കേട് ഉണ്ടാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാനാകത്തതിനെ തുടര്‍ന്ന് ഭക്തര്‍ ദര്‍ശനത്തിന് ശ്രമിക്കാതെ തീര്‍ഥാടനം ഉപേക്ഷിച്ച് പോകുന്ന സ്ഥിതി ഉണ്ടായിരുന്നു. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളില്‍ ഓണ്‍ലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തില്‍ തീരുമാനം പീന്നീടെടുക്കും.
ഇതര സംസ്ഥാനക്കാരെ ശബരിമലയില്‍ ദിവസ വേതനക്കാരായി നിയമിക്കേണ്ടെ എന്നതാണ് ബോര്‍ഡ് യോഗത്തിലെ മറ്റൊരു തീരുമാനം. അരളിപ്പൂവ് പൂജയ്‌ക്ക് എടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും. അരളിപ്പൂവ് കടിച്ചതാണ് ഹരിപ്പാട് സ്വദേശിനി സൂര്യയുടെ മരണ കാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ ഇത് ഒഴിവാക്കാമെന്നും അവലോകന യോഗത്തില്‍ ധാരണയായിട്ടുണ്ട്.
തിരക്കിന് കാരണം സ്‌പോട് ബുക്കിങ്: അമിതമായ തിരക്കിനിടയാക്കിയത് സ്‌പോട് ബുക്കിങ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടിയാണ് സ്‌പോട് ബുക്കിങ് ഈ സീസണില്‍ വേണ്ടെന്ന തീരുമാനം തത്വത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. കെട്ട് നിറച്ച് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ആളെ തിരിച്ചയയ്ക്കുന്നത് ശരിയല്ലെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെ തീര്‍ഥാടകര്‍ക്ക് സ്‌പോട് ബുക്കിങ് ഏര്‍പ്പെടുത്തിയിരുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. ഒരു ദിവസം 1,20,000 ത്തിലധികം തീർഥാടകർ ശബരിമലയില്‍ എത്തുന്നതായാണ് കണക്ക്. കഴിഞ്ഞ മണ്ഡലകാലത്ത് ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ച് തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി 90,000 പേരും, സ്പോട്ട് ബുക്കിങ് വഴി ഏതാണ്ട് ഇരുപതിനായിരം പേരും പുല്‍മേട് കാനന പാതയിലൂടെ ശരാശരി അയ്യായിരം പേരും എത്തിയതോടെ നിയന്ത്രണങ്ങള്‍ അവതാളത്തിലാവുകയായിരുന്നു.
Also Read :കഠിനമാകുന്ന കരിമലകയറ്റം: ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഇങ്ങനെ...