പത്തനംതിട്ട:ഇക്കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ ഏറ്റവുമധികം വരുമാനം ലഭിച്ചത് അരവണ വില്‍പ്പനയില്‍ നിന്ന് . ദേവസ്വം ബോര്‍ഡ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഏകദേശം നൂറ്റിനാല്‍പ്പത്തിയേഴ് കോടിയുടെ വരുമാനമാണ് അരവണ വില്‍പ്പനയിലൂടെ ലഭിച്ചത്.2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്(sabarimala income).
അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). അഞ്ച് ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്(mandalamakaravilakku).