കേരളം

kerala

ETV Bharat / state

'ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിന്നുള്ള റെയില്‍വേയുടെ ഒളിച്ചോട്ടം': കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന് മറുപടിയുമായി മുഖ്യമന്ത്രി - CM Reply To Railway Minister - CM REPLY TO RAILWAY MINISTER

റെയിൽ പാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്‍റിൽ നൽകിയി മറുപടി രാഷ്‌ട്രീയ പ്രേരിതമെന്ന് മുഖ്യമന്ത്രി. അങ്കമാലി ശബരി പാതയില്‍ അലംഭാവം റെയില്‍വേയുടേതെന്നും അദ്ദേഹം പറഞ്ഞു.

CM AGAINST RAILWAY MINISTERS CHARGE  CM PINARAYI VIJAYAN  RAILWAY MINISTER ASHWINI VAISHNAW  CM ON CONSTRUCTION OF RAILWAYS
CM Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Aug 8, 2024, 7:56 PM IST

കേന്ദ്ര റെയിൽവേ മന്ത്രിയുടെ ആരോപണം രാഷ്‌ട്രീയ പ്രേരിതമെന്ന് മുഖ്യമന്ത്രി (ETV Bharat)

തിരുവനന്തപുരം:അങ്കമാലി - ശബരി റെയില്‍പ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിന്നുമുള്ള റെയില്‍വേയുടെ ഒളിച്ചോട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 1997 - 98ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി ശബരി പാത.

എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ സംസ്ഥാനം നല്‍കിയതാണ്. അലൈന്‍മെന്‍റ് അംഗീകരിച്ചു. അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുകയും ചെയ്‌തതതാണ്.

പദ്ധതി ചെലവിന്‍റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പദ്ധതിയുമായി മുന്നോട്ടു പോകാതെ അലംഭാവം കാണിച്ചത് കേന്ദ്ര സര്‍ക്കാരും റെയില്‍വേ വകുപ്പുമാണ്. കേന്ദ്രത്തിന്‍റെ കാലതാമസം കാരണം ശബരി പാതയുടെ എസ്‌റ്റിമേറ്റില്‍ വന്‍ വര്‍ധനവുണ്ടായി.

ആദ്യ എസ്‌റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു. അത് പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വര്‍ധനവ് ഉണ്ടായി. ഇതിന്‍റെ ഭാരവും സംസ്ഥാനം വഹിക്കണമെന്ന നിലപാണ് കേന്ദ്രം സ്വീകരിച്ചത്.

ചെങ്ങന്നൂര്‍ - പമ്പ റെയില്‍പാത ഉള്‍പ്പെടെ ഒരു പുതിയ പദ്ധതിക്കും സംസ്ഥാനം എതിരല്ല. ചെങ്ങന്നൂര്‍ - പമ്പ പാതയ്ക്കായി സംസ്ഥാനത്തോട് ഇതുവരെ കേന്ദ്ര ഗവണ്‍മെന്‍റ് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ബജറ്റിലും ഒരു പദ്ധതിയും കേരളത്തിനായി പ്രത്യേകമായി അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുള്ള തലശ്ശേരി - നഞ്ചങ്കോട്, നിലമ്പൂര്‍ - മൈസൂര്‍, അങ്കമാലി - ശബരി എന്നീ പാതയ്ക്ക് ഒരു തുകയും അനുവദിച്ചില്ല.

എന്നാല്‍, നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് അദ്ദേഹം തയ്യറായായത്. ഇത് ശരിയായില്ല. അങ്കമാലി - ശബരി പാതയ്ക്കായി 2125 കോടി രൂപ അനുവദിച്ചെന്നും എന്നാല്‍ കേരളം അത് ചിലവഴിച്ചില്ല എന്നുമാണ് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത്. ഇത് തികച്ചും തെറ്റായ പ്രസ്‌താവനയാണ്.

കേരളത്തിലാകെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കായി നല്‍കിയ തുകയാണ് ശബരി റെയില്‍ പാതയ്ക്കായി നീക്കിവെച്ചു എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞത്. തിരുവനന്തപുരം മുതല്‍ പാറശാല വരെയുള്ള പാതയ്ക്ക് 49.50 ഹെക്റ്റര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറാനായി മറ്റ് നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വേ അനുവദിച്ച 2125 കോടി രൂപയില്‍ 1823 കോടി രൂപ മൂന്ന് പാതയ്ക്ക് ചേര്‍ത്ത് ഡെപ്പോസിറ്റ് ചെയ്‌ത് കഴിഞ്ഞിട്ടുമുണ്ട്.

ശബരി പാതയില്‍ അനങ്ങാപ്പാറ സമീപനം ആരുടേതാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തിന്‍റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഒരു വീഴ്‌ചയും അലംഭാവവുമുണ്ടായിട്ടില്ല. ശബരി റെയില്‍പാത പുനരുജ്ജീവിപ്പിക്കാനും ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്താനുമുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് തന്നെ കത്തെഴുതിയിരുന്നു.

2021 ഒക്ടോബറില്‍ റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. അങ്കമാലി - ശബരിപാത ഉള്‍പ്പെടെയുള്ള വിവിധ റെയില്‍വേ പദ്ധതികളുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പറഞ്ഞ് കൊണ്ട് 2023 ജൂണില്‍ വിശദമായ കത്തെഴുതി. പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ വര്‍ഷം ജൂണ്‍ 21 ന് കേന്ദ്ര മന്ത്രിയ്ക്ക് വീണ്ടും സംസ്ഥാനം കത്തയച്ചു.

ഇതിന് പുറമേ ചീഫ് സെക്രട്ടറിയും കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും ഇക്കാര്യത്തില്‍ കത്തുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ പോസിറ്റീവായ ഒരു സമീപനവും കേന്ദ്രത്തില്‍ നിന്നുണ്ടായില്ല എന്നതാണ് നമ്മുടെ ദുരനുഭവം. ഇക്കാര്യത്തില്‍ മാത്രമല്ല റെയില്‍വേയുമായി ബന്ധപ്പെട്ട് കേരളത്തിന് ദുരനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Also Read:കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി തിരുവനന്തപുരം നോര്‍ത്ത്, നേമം തിരുവനന്തപുരം സൗത്ത്; പേരുമാറ്റത്തിന് അന്തിമ അംഗീകരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ABOUT THE AUTHOR

...view details