തിരുവനന്തപുരം: കിലോയ്ക്ക് 10–15 രൂപവരെ നഷ്‌ടം സഹിച്ചാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്നും സപ്ലൈക്കോയ്ക്ക് പല ബ്രാൻഡുകളോടും മത്സരിക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സർക്കാർ സപ്ലൈകോ വഴി ശബരി കെ റൈസ് ബ്രാന്‍റില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിനെ മുഖ്യമന്ത്രി വിമർശിച്ചു. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ 49 പൈസ ലാഭം എടുത്താണ് ഭാരത് റൈസ് വില്‍പന നടത്തുന്നത്. ഫെഡറർ സംവിധാനമുള്ള രാജ്യത്തിന് തീർത്തും യോജ്യമല്ലാത്ത നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നത്. തോന്നിയത് ചെയ്യും എന്ന മനോഭാവമാണ് കേന്ദ്രത്തിന്. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ ഭക്ഷ്യ ധാന്യങ്ങൾ പോലും വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഴിക്കുന്ന ഭക്ഷണം മുടക്കുന്നവരാണ് കേന്ദ്രം. പ്രളയകാലത്തെ ദുരിതാശ്വാസ അരിയുടെ പണം പിടിച്ചുവാങ്ങി. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് ഭാരത് റൈസെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെ റൈസ് ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ ലഭ്യമാകും. ശബരി കെ റൈസ്, ജയ അരി കിലോയ്ക്ക് 29 രൂപയും, മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോ വീതം അരിയാണ് നൽകുക.