തിരുവനന്തപുരം :തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരും മുന്നേ തിരക്കിട്ട് കുടിശിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ധനവകുപ്പ്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക പ്രഖ്യാപിച്ചതിനു പിന്നാലെ റബറിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 10 രൂപ ഉത്പാദന ബോണസ് അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ഉത്തരവിറക്കി.
ഇതിനു പുറമേ നേരത്തെ കുടിശികയായിരുന്ന റബര്‍ ഉത്പാദക ബോണസ് കുടിശികയായ 24.48 കോടിയും അനുവദിച്ചു. 10 രൂപ ഉത്പാദക ബോണസ് നടപ്പില്‍ വരുന്നതോടെ റബര്‍ വില 180 രൂപയായി ഉയരും. ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നാലും കുടിശിക വിതരണം ചെയ്യുന്നതിനു തടസമുണ്ടാകില്ല.
സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉത്പാദന ഇന്‍സെന്‍റീവ് പദ്ധതി നടപ്പാക്കിയത്. വിപണി വിലയില്‍ കുറവ് വരുന്ന തുക സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലില്‍ ഒരു കിലോഗ്രാം സ്വാഭാവിക റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്‌സിഡി തുക ഉയര്‍ത്തിയിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
അന്തര്‍ദേശീയ വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബര്‍ വില തകര്‍ച്ചയ്ക്ക് കാരണമാകുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച് റബര്‍ കര്‍ഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേ സമയം പൊതു വിപണിയില്‍ ഇപ്പോള്‍ തന്നെ 180 രൂപ സ്വാഭാവിക റബറിന് ലഭിക്കുന്ന സാഹചര്യത്തില്‍ 10 രൂപ ഉത്പാദക ബോണസ് പ്രഖ്യാപിച്ച് 180 രൂപയാക്കിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്നാണ് പ്രതിപക്ഷ ആരോപണം. റബര്‍ സബ്‌സിഡി 24.48 കോടി അനുവദിച്ചു. ഇതിനു പുറമേയാണ് സംസ്ഥാനത്തെ് കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസായി 24.48 കോടി രുപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്‌സിഡി ബാങ്ക് അക്കൗണ്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു.
ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബര്‍ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സബ്‌സിഡി നല്‍കുന്നത്. ഈ വര്‍ഷം റബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിസി ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു :വെള്ളിയാഴ്‌ചയാണ് (15-03-2024) വിഷവിന് മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് ധനമന്ത്രി ഉത്തരവിട്ടത്. സെപ്‌തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക ആരഭിച്ചതിനു പിന്നാലെയാണ് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ കുടിശിക കൂടി അനുവദിച്ചത്. ഇതോടെ തെരഞ്ഞെടുപ്പിനു മുന്നോടിയായി 64 ലക്ഷം പേര്‍ക്ക് 4800 രൂപ ലഭിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
വിഷുവും ഈസ്‌റ്ററും റംസാനും കണക്കിലെടുത്താണ് തുക വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫെബ്രുവരി മാസം വരെ ഇനി മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശികയുണ്ട്. മസ്‌റ്ററിങ് പൂര്‍ത്തിയാകുന്നതോടെ അടുത്ത മാസം മുതല്‍ അതാതു മാസം തന്നെ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
ജനുവരി 31 വരെയുള്ള ബില്ലുകള്‍ പാസാക്കാന്‍ ട്രഷറികള്‍ക്ക് നിർദേശം നൽകി :സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിനു പിന്നാലെ ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാന്‍ ധനമന്ത്രി ട്രഷറികള്‍ക്കു നിര്‍ദേശം നല്‍കി. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുന്‍ഗണനാ ക്രമത്തില്‍ മാറിയെടുക്കാമെന്ന് വ്യാഴാഴ്‌ച (14-03-2024) ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് 16.31 കോടി അനുവദിച്ചു :സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ വ്യാഴാഴ്‌ച (മാര്‍ച്ച് 14) അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് തുക അനുവദിച്ചത്.
കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രുപവരെ വേതനം ലഭിക്കുന്നതായി ധനമന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി. ഇതില്‍ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍നിന്നാണ് നല്‍കുന്നത്.
കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നല്‍കേണ്ടത്. എന്നാല്‍, കേരളത്തില്‍ പ്രതിദിന വേതനം 600 മുതല്‍ 675 രൂപ വരെ നല്‍കുന്നു. ഈ നാമമാത്ര സഹായം പിഎം പോഷണ്‍ അഭിയാനില്‍ നിന്നാണ് ലഭിക്കേണ്ടത്.
പദ്ധതിയില്‍ ഈ വര്‍ഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാന്‍ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ് ഇനത്തില്‍ കഴിഞ്ഞ മാസം 19.82 കോടി രൂപ നല്‍കിയിരുന്നതായും ധനമന്ത്രി അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 150 കോടി :കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 150 കോടി രൂപ കൂടി ചൊവ്വാഴ്‌ച (മാർച്ച് 12) ധനമന്ത്രി അനുവദിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നല്‍കിയിരുന്നതായി ധനമന്ത്രി അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 2695 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ഷം 151 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ആശുപത്രി ചികിത്സ പദ്ധതിയില്‍ ഉറപ്പാക്കുന്നു. 41.96 ലക്ഷം കുടുംബങ്ങള്‍ കാസ്‌പില്‍ ഉള്‍പ്പെടുന്നു എന്നും മന്ത്രി പറഞ്ഞു.