എടിഎമ്മിൽ മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ (ETV Bharat) കാസർകോട് :എടിഎമ്മിൽ മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കുമ്പള സ്വദേശി മൂസ ഫഹദ് (22) ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ മൊഗ്രാൽ ജങ്ഷനിലുള്ള എടിഎമ്മിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നത്. കേരള പൊലീസാണോ, ഗൾഫ് പൊലീസാണോ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ മിടുക്കരെന്ന് പരീക്ഷിച്ചതാണ് താനെന്നായിരുന്നു യുവാവ് പൊലീസിനോട് പറഞ്ഞത്. ജൂലൈ 31ന് പുലർച്ചെ ആയിരുന്നു കേസിനാസ്‌പദമായ സംഭവം.
പിടിയിലായ യുവാവ് കേരള പൊലീസ് തന്നെയാണ് കേമൻമാരെന്ന് സമ്മതിക്കുകയും പിടികൂടിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്‌തു. റോബിൻ ഹുഡ് സിനിമയിൽ നായകൻ നടത്തുന്ന എടിഎം കവർച്ച അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മൂസ ഫഹദ് മൊഴി നൽകി.
കുമ്പള പൊലീസ് ഇൻസ്പെക്‌ടർ കെ പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. യുവാവിൻ്റെ വീട്ടിൽ നിന്നും കവർച്ചാശ്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും, ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. നാലുവർഷമായി ഗൾഫിലായിരുന്ന യുവാവ് അടുത്തിടെയാണ് നാട്ടിലെത്തിയത്.
എടിഎമ്മിലെ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യത്തിലുള്ളത് അറസ്റ്റിലായ യുവാവാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Also Read: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ മോഷണം; വൃദ്ധയെ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി