കണ്ണൂർ: ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെടുന്ന പ്രധാന റോഡാണ് പെരിങ്ങോം -കൊരങ്ങാട് ലിങ്ക് റോഡ്. പെരിങ്ങോം ടൗണിലേക്കും പെരിങ്ങോം ഹയർ സെക്കന്‍ററി സ്‌കൂളിലെക്കുമൊക്കെ എത്താൻ കൂടുതൽ പേരും ഉപയോഗിക്കുന്ന ലിങ്ക് റോഡാണിത്. റോഡിന്‍റെ ദൈർഘ്യം വെറും 441 മീറ്റർ ആണെങ്കിലും പഞ്ചായത്ത് അധികൃതർ റോഡിനെ കയ്യൊഴിഞ്ഞിട്ട് കാലം ഏറെയായി.
കാൽനട യാത്ര പോലും ദുഷ്‌കരാമാകും വിധമാണ് റോഡിന്‍റെ ഇന്നത്തെ അവസ്ഥ. റോഡിന്‍റെ ശോചനീയമായ അവസ്ഥക്കെതിരെ ജനീകയ പ്രതിഷേധം ശക്തമായതോടെയാണ് വാർഡ് മെമ്പറും ലീഗ് നേതാവുമായ ഷജീർ ഇക്ബാൽ റോഡ് പുനർനിർമിക്കാൻ പുതിയൊരു വഴി തേടിയത്. പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ കണ്ടെത്തി അത് വിറ്റ് പണം ഉണ്ടാക്കി റോഡ് നിര്‍മിക്കുക എന്നതായിരുന്നു കണ്ടെത്തിയ പുതിയ രീതി.
എന്ത് കൊണ്ട് ആക്രി ചലഞ്ച്?
റോഡ് നിർമാണം നടക്കാത്തതിനാൽ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തി. പക്ഷേ ഫലം ഉണ്ടായില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മുസ്‌ലിം ലീഗ് പ്രതിനിധിയാണ് ഷജീർ. റോഡിനായി പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എംഎൽഎ തലത്തിലും ഇടപെട്ടെങ്കിലും തുക കിട്ടിയില്ലെന്ന് ഷജീർ പറയുന്നു.