കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസ് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ആർഎംപി നേതാവ് എൻ വേണു (TP Chandrasekharan murder case). കോഴിക്കോട്ടെ പ്രത്യേക കോടതിയുടെ ആദ്യ വിധി അവ്യക്തത നിറഞ്ഞതായിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും.
ഹൈക്കോടതി വിധിയോടെ, സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി നടപ്പാക്കിയ കൊലപാതകമാണ് ടിപിയുടേത് എന്ന് തെളിഞ്ഞു. മാന്യതയുണ്ടെങ്കിൽ പാർട്ടി ഇത് അംഗീകരിക്കണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും എന്‍ വേണു കോഴിക്കോട്ട് പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികൾക്ക് തിരിച്ചടിയേല്‍പ്പിക്കുന്നതാണ് ഇന്ന് പുറത്തുവന്ന ഹൈക്കോടതി വിധി. വിചാരണ കോടതിയുടെ വിധി ശരിവയ്‌ക്കുകയായിരുന്നു ഹൈക്കോടതി. രണ്ട് പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു.
കേസിലെ പത്തും പന്ത്രണ്ടും പ്രതികളുടെ അപ്പീലും കോടതി റദ്ദാക്കി. കെ കെ കൃഷ്‌ണനും ജ്യോതി ബാബുവും കുറ്റക്കാരെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ, സര്‍ക്കാര്‍, പ്രതികള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.