കോഴിക്കോട്:സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്‍റെ മോചന ഹർജി പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി ഇന്നും മാറ്റി വെച്ചു. കോടതിയിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് കേസ് മാറ്റിവെച്ചതെന്നും ഇന്ന് ഒരു കേസ് പോലും റിയാദ് കോടതി പരിഗണിച്ചിട്ടില്ലെന്നും നിയമ സഹായ സമിതി പ്രവർത്തകർ പറഞ്ഞു.
വധശിക്ഷ റദ്ദാക്കിയതിന് ശേഷം, പബ്ലിക് റൈറ്റ്സ് പ്രകാരം മോചന ഹർജി പരിഗണിച്ച കോടതി ഇത് നാലാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ഇന്ന് അന്തിമ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്‍റെ കുടുംബവും നിയമ സഹായ സമിതി പ്രവർത്തകരും. ദയാധനം കൈപ്പറ്റി മാപ്പ് നൽകാൻ മരിച്ച സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കുടുംബം തയ്യാറായതോടെയാണ് 18 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദു റഹീമിന്‍റെ മോചനത്തിന് വഴി തെളിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കുടുംബത്തിന്‍റെ സമ്മതപ്രകാരം ജൂലൈ 2ന് കോടതി വധശിക്ഷ റദ്ദാക്കി. തുടർന്ന് മൂന്ന് തവണ മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നടപടി ക്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനും റഹീമിന്‍റെ അഭിഭാഷകനും അവരവരുടെ വാദങ്ങൾ വീണ്ടും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു.
കേസിൽ 18 വർഷത്തെ ജയിൽ ശിക്ഷ റഹീം അനുഭവിച്ചു കഴിഞ്ഞെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. കുടുംബം മാപ്പ് നൽകിയതിനൊപ്പം ഇത് കൂടി കണക്കിലെടുത്ത് മോചന ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷ. അതേസമയം അനുകൂല വിധിയുണ്ടായാലും മോചനം സാധ്യമായി റഹീം നാട്ടിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യം മോചന ഉത്തരവിന്‍റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും കോടതി കൈമാറും.