കണ്ണൂര്‍: ചരിത്രാന്വേഷികള്‍ക്കും ചരിത്ര പഠിതാക്കള്‍ക്കും കൗതുകമുണര്‍ത്തുന്നതും വിസ്‌മയകരവുമായ ഗ്രന്ഥ ശേഖരത്തിന്‍റെ കലവറയാണ് തലശ്ശേരിയിലെ റവന്യൂ റഫറന്‍സ് ലൈബ്രറി. തലശ്ശേരി സബ്‌കലക്‌ടര്‍ ഓഫിസിന് പിറകിലാണ് ചരിത്ര വിജ്ഞാനത്തിന്‍റെ ഭണ്ഡാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. മലബാറില്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഗസറ്റും ഗസറ്റിയറുകളുമുള്‍പ്പെടെയുള്ള ശേഖരം ഇവിടുത്തെ അലമാരകളില്‍ ഭദ്രമായി ഒരുക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി പ്രൊവിന്‍സിന്‍റെ ഭാഗമായിരുന്നു മലബാര്‍. മലബാറില്‍ ഇംഗ്ലീഷുകാരുടെ പ്രധാന സങ്കേതമായിരുന്നു തലശ്ശേരി. തലശ്ശേരിയില്‍ ഫാക്‌ടറിയും കോട്ടയും സ്ഥാപിച്ച ഇംഗ്ലീഷുകാര്‍ സമീപത്തെ ധര്‍മ്മടം വ്യാപാര കേന്ദ്രമാക്കാന്‍ ശ്രമിച്ചതും ചരിത്ര രേഖകളില്‍പെടുന്നു.
ധര്‍മ്മടത്ത് ഇംഗ്ലീഷ് സൈന്യം കടന്ന് കൂടാന്‍ ശ്രമിക്കുന്നതിനെ ആലിരാജാവ് തടഞ്ഞ് പിന്തിരിപ്പിക്കുകയും 1727ല്‍ കോട്ടയം രാജാവിന്‍റെ സഹായത്തോടെ ധര്‍മ്മടത്തെ കോട്ടയും ധര്‍മ്മടം ദേശവും പിടിച്ചെടുക്കുകയും ചെയ്‌തു. ഇത്തരം ചരിത്ര സ്‌മാരകങ്ങളുടെ വിശദമായ വിവരങ്ങളാണ് ലൈബ്രറിയില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നത്.
1730ല്‍ ധര്‍മ്മടത്തെ വ്യാപാര കുത്തക സ്ഥാപിക്കാന്‍ ഡച്ചുകാര്‍ ശ്രമം നടത്തിയെങ്കിലും കോലത്തിരിയുടെ പ്രതിപുരുഷനായ ഉദയവര്‍മ്മന്‍ 20,000 പണം വിലയുള്ള യുദ്ധ സാമഗ്രികളും 30,000 പണവും സ്വീകരിച്ച് ഇംഗ്ലീഷുകാര്‍ക്ക് ധര്‍മ്മടം കൈവശപ്പെടുത്താന്‍ അനുമതി നല്‍കി. ഇംഗ്ലീഷുകാരും ടിപ്പു സുല്‍ത്താനും തമ്മിലുള്ള ശ്രീരംഗപട്ടണം ഉടമ്പടി, പഴശ്ശി കലാപവും പഴശ്ശിരാജാവിന്‍റെ പടയാളികള്‍ ധര്‍മ്മടത്ത് നിന്നും ഇംഗ്ലീഷുകാരെ അക്രമിച്ചതായുള്ള രേഖകളും ചരിത്ര ശേഷിപ്പുകളിലുണ്ട്.