കേരളം

kerala

ETV Bharat / state

കത്തുമായുള്ള പ്രയാണത്തിന് 4 പതിറ്റാണ്ട്; കാട്ടൂരില്‍ ഇനിയാ സൈക്കിളും ബെല്ലടിയുമില്ല, പടിയിറക്കത്തിനൊരുങ്ങി രവീന്ദ്രേട്ടന്‍ - POSTMAN RAVINDRA BHAKTHAN RETIRED

പോസ്‌റ്റ്മാന്‍ ജോലിയില്‍ നിന്നും വിരമിക്കാനൊരുങ്ങി കാട്ടൂരിലെ രവീന്ദ്ര ഭക്തന്‍. ജോലിയില്‍ പ്രവേശിച്ചത് 1981ല്‍.

KATTUR POST OFFICE PATHANAMTHITTA  കാട്ടൂരിലെ രവീന്ദ്ര ഭക്തന്‍  പോസ്റ്റ്മാന്‍ രവീന്ദ്ര ഭക്തന്‍  RETIREMENT OF RAVINDRA BHAKTHAN
Ravindra Bhakthan (ETV Bharat)

By ETV Bharat Kerala Team

Published : Oct 9, 2024, 8:22 PM IST

പത്തനംതിട്ട : കഴിഞ്ഞ നാല് പതിറ്റാണ്ടായി കാട്ടൂരിന്‍റെ ഗ്രാമീണ വഴികള്‍ക്ക് സുപരിചിതമാണ് ഈ സൈക്കിളും ബെല്ലടി ശബ്‌ദവും. അത് മറ്റാരുമല്ല ഗ്രാമവാസികള്‍ക്ക് ദൂതുമായെത്തുന്ന രവീന്ദ്ര ഭക്തനാണ്. കത്തുകളുമായുള്ള ഈ പ്രയാണം തുടങ്ങിയിട്ട് നാളേറെയായി. അതിനിടെ നിരവധി തപാല്‍ ദിനങ്ങളും കടന്നുപോയി.

നിരവധി തപാല്‍ ദിനം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തേത് ഏറെ സ്‌പെഷ്യലാണ് രവീന്ദ്രേട്ടന്. വര്‍ഷങ്ങളായുള്ള തന്‍റെ ജോലി തിരക്കുകളില്‍ നിന്നെല്ലാം വിടവാങ്ങാന്‍ സമയമായി. പോസ്‌റ്റമാനെന്ന ഡെസിഗ്‌നേഷനില്‍ നിന്നും ഇനി അറിയപ്പെടുക റിട്ടയേര്‍ഡ് പോസറ്റ്മാന്‍ എന്നാകും. ഈ മാസം 16നാണ് പടിയിറക്കം.

പടിയിറക്കത്തിനൊരുങ്ങി രവീന്ദ്രേട്ടന്‍ (ETV Bharat)

1981ല്‍ കോഴഞ്ചേരി പോസ്‌റ്റ് ഓഫിസില്‍ നിന്നായിരുന്നു രവീന്ദ്രന്‍ ഭക്തരുടെ തുടക്കം. ആറ് മാസത്തിന് ശേഷം മെയില്‍ കാരിയറായാണ് കാട്ടൂരിലെത്തുന്നത്. കാട്ടൂർ പോസ്റ്റോഫിസ് പരിധിയിലെ ഓരോ കുടുംബങ്ങളുടെയും സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പങ്കാളിയാണ് പോസ്റ്റ്മാൻ രവീന്ദ്ര ഭക്തൻ. പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു അദ്ദേഹം. ജോലിയുടെ തുടക്ക കാലത്ത് എട്ട് ബാഗുകള്‍ നിറയെ കത്തുകളും തപാല്‍ ഉരുപ്പടികളുമായാണ് വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നത്. ഇന്നത് മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ കാട്ടൂരിലെ ഏത് കൊച്ചുകുട്ടികള്‍ക്കും സുപരിചിതനാണ് ഇദ്ദേഹം. ഈ 65-ാം വയസിലും തൻ്റെ പ്രവർത്തന പരിധിയിലുള്ള 16 കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഭാഗത്തും രവീന്ദ്ര ഭക്തൻ തൻ്റെ സൈക്കിളിൽ എത്തിച്ചേരും. കാലം എത്ര മാറിയാലും തപാല്‍ വകുപ്പിന്‍റെ നന്മകളെ കൈവിടരുതെന്നാണ് രവീന്ദ്രേട്ടന് പറയാനുള്ളത്.

35 വര്‍ഷം ജോലി ചെയ്‌ത കാട്ടൂര്‍ പോസ്റ്റോഫിസിന് സ്വന്തമായി ആസ്ഥാനം ലഭിച്ചില്ലെന്ന നിരാശ മാത്രമാണ് പടിയിറങ്ങുമ്പോള്‍ ഇദ്ദേഹത്തിനുള്ളത്. എങ്കിലും മൂത്ത മകന്‍ തന്‍റെ പാത പിന്തുടരുന്നതില്‍ ഏറെ സന്തോഷാവാണ് ഈ പിതാവ്. റാന്നി പോസ്‌റ്റോഫിസിലെ പോസ്റ്റല്‍ അസിസ്റ്റന്‍റാണ് മകന്‍ രാഹുല്‍.

രവീന്ദ്ര ഭക്തനെപ്പോലെ ഒരാൾ തപാൽ വകുപ്പിൽ അപൂര്‍വമാണെന്ന് പോസ്റ്റ്മാസ്റ്റർ ശോഭ പറയുന്നു. മാത്രമല്ല ഏറെ നാളായി തങ്ങള്‍ക്കൊപ്പമുള്ള രവീന്ദ്രേട്ടനെ മിസ്‌ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ മാത്രമല്ല കാട്ടൂരിലെ ഓരോ വ്യക്തികളും അദ്ദേഹത്തെ മിസ്‌ ചെയ്യുവെന്നതാണ് വാസ്‌തവം. ഗ്രാമീണ പാതകളില്‍ ദൂതുമായെത്തുന്ന സൈക്കിളും ബെല്ലടി ശബ്‌ദവും നിലയ്‌ക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം ബാക്കി.

Also Read: സമീപ പോസ്‌റ്റോഫിസ് പരിധിയിൽ നിന്ന് പോലും ഗുണഭോക്‌താക്കള്‍; നാരങ്ങാനം നോർത്ത് പോസ്‌റ്റോഫിസിന്‍റെ പട്ടികയിൽ അഭിമാന നേട്ടങ്ങളേറെ

ABOUT THE AUTHOR

...view details