കൊല്ലം:ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്‍റെ അനുഗ്രഹമെന്ന് എസ് അരുൺ കുമാർ നമ്പൂതിരി. ഏറെ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത് ലക്ഷ്‌മി നടയിൽ പൂജ നടത്തി കൊണ്ടിരിക്കുമ്പോഴാണ്.
വാർത്ത അറിഞ്ഞ് നിരവധി പേർ ലക്ഷ്‌മി നടക്ഷേത്രത്തിൽ എത്തി ആശംസകൾ നേർന്നുവെന്നും പൊന്നാട അണിയിച്ചുവെന്നും അരുൺ കുമാർ നമ്പൂതിരി പറഞ്ഞു. 'തികഞ്ഞ അയ്യപ്പഭക്തനായ ഭർത്താവിൻ്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു ശബരിമല അയ്യപ്പനെ സേവിക്കുകയെന്നത്. ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സഫലമായതെന്ന്' ഭാര്യ അമ്പിളി പറഞ്ഞു.
ദൃശ്യ മാധ്യമത്തിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ആ നിമിഷം എന്നും മകൾ ഗായത്രി പറഞ്ഞു. ലഡു നൽകിയാണ് അരുൺ കുമാർ നമ്പൂതിരിയെ ഭാര്യയും മകളും സ്വീകരിച്ചത്. നിരവധി സംഘടനകളും വ്യക്തികളും വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. നിരവധി പേരാണ് ഈ സന്തോഷവാർത്തയിൽ പങ്കുചേരാന്‍ എത്തുന്നത്.
വള്ളിക്കീഴ് ക്ഷേത്രത്തിനു സമീപം നീണ്ടകര പരിമണം തോട്ടത്തിൽ മഠം കുടുംബത്തിലാണ് അരുൺകുമാർ നമ്പൂതിരിയുടെ ജനനം. പരേതരായ ശങ്കരൻ നമ്പൂതിരിയുടെയും രാജമ ആന്തർജ്ജനത്തിന്‍റെയും നാലു മക്കളിൽ മൂന്നാമത്തെ മകനാണ് അരുൺകുമാർ നമ്പൂതിരി. ശശിധരൻ നമ്പൂതിരി, ഉണ്ണികൃഷ്‌ണൻ നമ്പൂതിരി എന്നിവർ സഹോദരങ്ങളാണ്. വിലാസിനി അന്തർജ്ജനമാണ് ഏക സഹോദരി. എൽഎൽബിക്ക് അപേക്ഷിച്ചു നിൽക്കുന്ന ഗായത്രി, പ്ലസ് വൺ വിദ്യാർഥി ജാതവേദൻ എന്നിവർ മക്കളാണ്.