കടലിലും കായലിലും അകപ്പെടുന്നവർക്ക് രക്ഷാകവചവുമായി ഫാ. എബ്രഹാം പെരികിലക്കാട്ട് (ETV Bharat) കോട്ടയം:കടൽ തിരമാലകളിൽ അകപ്പെടുന്നവർക്ക് രക്ഷാകവചം ഒരുക്കി എഞ്ചിനീയറായ വൈദികൻ എബ്രഹാം പെരികിലക്കാട്ട് സിഎംഐ. നോഹാസ് ആർക്ക് എന്ന് പേരിട്ടിരിക്കുന്ന രക്ഷാഉപകരണം അദ്ദേഹത്തിന്‍റെ ഏറെക്കാലത്തെ ശ്രമഫലമായി വികസിപ്പിച്ചെടുത്തതാണ്.
മുതലപ്പൊഴിയിലും വിഴിഞ്ഞത്തും ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ പതിവായി തിരയിൽപ്പെട്ട് മരിക്കുന്ന സാഹചര്യത്തിന് പരിഹാരം തേടിയാണ് ഫാ. എബ്രഹാം പെരികിലക്കാട്ട് രക്ഷാകവചം വികസിപ്പിച്ചെടുത്തത്. ലൈഫ് ബോയ്‌ക്ക് സമാനമായ ഉപകരണം ഫൈബറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. വ്യത്താകൃതിയിൽ വളയത്തിന് നടുവിൽ ഇരിപ്പിടവും ഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ കയറുന്നയാൾക്ക് തിരമാലകൾക്ക് മീതേ സുരക്ഷിതമായി പൊങ്ങിക്കിടക്കാനാകുമെന്ന് ഫാ. എബ്രഹാം പറയുന്നു.
ഒഴുക്കില്ലാത്ത ജലാശയത്തിലായിരുന്നു ഉപകരണം ആദ്യം പരീക്ഷിച്ചത്. ജലപ്പരപ്പിലിട്ട കവചത്തിൽ ആളെ കയറ്റിയപ്പോൾ എട്ട് സെന്‍റിമീറ്റർ മാത്രമാണ് അത് താഴ്ന്നത്. നടുവിലുള്ള ഇരിപ്പിടത്തിൽ സൗകര്യപ്രദമായി ഇരിക്കാവുന്നതിനാൽ സ്വതന്ത്രമയി
കൈകൾ ചലിപ്പിക്കാനും തുഴയാനും സാധിക്കും.
രണ്ടാംഘട്ട പരീക്ഷണം കടൽത്തിരയിലായിരുന്നു. ശക്തമായ തിരയിൽ വളയത്തിനു മുകളിൽ ഇരുവശങ്ങളിലേക്കും കൈകൾ വെച്ചിരിക്കുന്നതിനാൽ ശരീരഭാരം ഏഴുപതു ശതമാനത്തോളം ജലനിരപ്പിനടിയിലായിരിക്കും, അതുകൊണ്ട് തന്നെ പേടകം മറിയാതെ വെള്ളത്തിനൊപ്പം നീങ്ങും.
ഈ ഘട്ടത്തിൽ കരയിലേക്ക് ജിപിഎസ് സന്ദേശം അയച്ച് സഹായം തേടാനുള്ള സംവിധാനവുമുണ്ട്. അപകട സാഹചര്യങ്ങളിൽപ്പെടുന്നവർക്ക് മാത്രമല്ല മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടിൽ സഞ്ചരിക്കുന്നവർക്കും ഈ കവചം സ്ഥിരം കരുതലായി സൂക്ഷിക്കാമെന്ന് ഫാ. എബ്രഹാം പെരികിലക്കാട്ട് വ്യക്തമാക്കി.
അയ്യായിരത്തോളം രൂപയാണ് പേടകത്തിന്‍റെ നിർമാണ ചെലവ്. ജലയാത്രകളിലും വെള്ളക്കെട്ടുകളിലും സുരക്ഷയ്ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താനുള്ള സാധ്യത അദ്ദേഹം അന്വേഷിച്ച് വരികയാണ്. പുന്നപ്ര കാർമൽ പോളിടെക്‌നിക്കിൽ അധ്യാപകനായിരുന്ന എഞ്ചിനിയർ ഫാ. എബ്രഹാം പെരികിലക്കാട്ട് ഇപ്പോൾ പുതുപ്പള്ളി സിഎഐ ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചുവരികയാണ്.
Also Read:ലാപ്‌ടോപ്പുകൾക്ക് ഇനി വയർലെസ് ചാർജർ; എന്‍ഐടി പ്രൊഫസറുടെ കണ്ടുപിടുത്തത്തിന് യുകെ പേറ്റൻ്റ്