തിരുവനന്തപുരം:കർഷക സേവനങ്ങൾ വേഗത്തിലാക്കാനൊരുങ്ങി കേരള സർക്കാരിൻ്റെ കർഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറിൻ്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നായ കർഷക രജിസ്ട്രി പ്രവർത്തനക്ഷമമാകുന്നതിൻ്റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനം.
സേവനങ്ങള്‍ സുതാര്യമായി കർഷകർക്ക് ലഭ്യമാക്കാനാണ് നടപടി. കേരളത്തിലെ പിഎം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 20 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിൻ്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന കർഷകരുടെ വിവരങ്ങൾ ഉപയോഗിച്ച് ദേശീയ തലത്തിൽ ജനറേറ്റ് ചെയ്യുന്ന ഒരു കർഷക ഐഡി ലഭ്യമാക്കും.
ഇതുപയോഗിച്ച് കർഷകർക്ക് ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിൽ ലഭ്യമാകും. കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചാലുടൻ പ്രവർത്തനങ്ങള്‍ ആരംഭിക്കാവുന്നതാണ്.