കേരളം

kerala

ETV Bharat / state

കേരളത്തിലെ 13 ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യത; കാരണം എന്തൊക്കെ? - Reasons For Landslides In Kerala - REASONS FOR LANDSLIDES IN KERALA

ഇതിന് മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടാകാത്ത പ്രദേശങ്ങളിലാണ് കുറച്ച് വര്‍ഷങ്ങളായി ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. സംസ്ഥാനത്തിന്‍റെ 14.4 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുളള മേഖലകളാണ്. വന്‍തോതിലുളള ചൂഷണം, ക്വാറികളുടെ പ്രവര്‍ത്തനം, അതിതീവ്ര മഴ തുടങ്ങിയ നിരവധി കാരണങ്ങളാണ് ഉരുള്‍പൊട്ടിലിന് പിന്നിലുളളത്.

വയനാട് ഉരുള്‍പൊട്ടല്‍  കേരളത്തിലെ ഉരുള്‍പൊട്ടലുകളുടെ കാരണം  KERALA LANDSLIDE  LANDSLIDE DISASTER IN KERALA
Landslides In Kerala (ETV Bharat)

By ETV Bharat Kerala Team

Published : Jul 30, 2024, 9:42 PM IST

വയനാട്:കേരളം ഉരുള്‍പൊട്ടലുകളുടെ കേന്ദ്രമാകാന്‍ കാരണങ്ങള്‍ നിരവധിയാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറ വീഴ്‌ച, മണ്ണിടിഞ്ഞു താഴല്‍, കെട്ടിടങ്ങലും കിണറുകളും ഇടിഞ്ഞ് താഴല്‍ എന്നിവ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കുകയാണ്. സ്സ്ഥാന ദുരന്ത നിവാരണ പദ്ധതിയുടെ ഡാറ്റ പ്രകാരം സംസ്ഥാനത്തിന്‍റെ 14.4 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണ്.

കേരളത്തിന്‍റെ 48 ശതമാനം ഭൂപ്രദേശവും മലനാടാണ്. 41 ശതമാനം ഭാഗങ്ങള്‍ പശ്ചിമ ഘട്ടത്തോടടുത്തു കിടക്കുന്ന ഇടനാട്. 11 ശതമാനം പ്രദേശം മാത്രമാണ് പരന്നു കിടക്കുന്ന തീരദേശം.

മലനാട്ടില്‍ 31 ശതമാനവും 600 മീറ്ററിനുമേല്‍ ഉയരമുള്ള ചെങ്കുത്തായതും ഉരുള്‍പൊട്ടല്‍ സാധ്യത ഏറിയതുമായ പ്രദേശങ്ങളാണ്. ഇത് ജനവാസ മേഖലകളെ മാത്രമല്ല പരിസ്ഥിതിലോല പ്രദേശങ്ങളെയും സംരക്ഷിക്കേണ്ടതിലേക്ക് വിരല്‍ചൂണ്ടുന്നതായി ഈ വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള കുഫോസിലെ ഗവേഷകന്‍ ഗിരീഷ് ഗോപിനാഥ് പറയുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ (ETV Bharat)

തീരദേശ ജില്ലയായ ആലപ്പുഴ ഒഴികെ കേരളത്തിലെ 13 ജില്ലകളിലും ഏത് സമയത്തും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണെന്ന് വിദഗ്‌ധര്‍ പറയുന്നത്. പശ്ചിമഘട്ടത്തിലെ 1400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അതിശക്തമായ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതാണെന്നും വിദഗ്‌ധര്‍ പറയുന്നു. ഇതില്‍ വയനാട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്നു.

1961 മുതല്‍ 2016 വരെ കേരളത്തില്‍ 295 ഉരുള്‍പൊട്ടലുകള്‍ നടന്നതായി കിലയിലെ കണ്‍സള്‍ട്ടന്‍റ് ഡോ. എസ് ശ്രീകുമാര്‍ പറയുന്നു. 2018ന് ശേഷം ഉരുള്‍പൊട്ടലുകളുടെ തീവ്രത കൂടി. ഒപ്പം ജീവഹാനി കൂടുകയും നാശനഷ്‌ടം ഏറുകയുമുണ്ടായി. 2018ലെ അതി വര്‍ഷത്തിന് ശേഷം തീവ്ര ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ എണ്ണവും ഏറി. തൃശൂര്‍ കൂടി ഈ പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടു.

2018 ലെ അതിവര്‍ഷത്തില്‍ കേരളത്തിലാകെ 341 ഉരുള്‍പൊട്ടലുകളുണ്ടായി. ഇടുക്കിയില്‍ മാത്രം 104 പേരുടെ ജീവനെടുത്ത 143 ഉരുള്‍പൊട്ടലുകള്‍ ഈ കാലയളവിലുണ്ടായി. 2020ല്‍ പെട്ടിമുടി, 2021 ല്‍ കൂട്ടിക്കല്‍, ഓരോ വര്‍ഷവും കേരളത്തിന്‍റെ നോവായി ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഉരുള്‍പൊട്ടല്‍ (ETV Bharat)

കേരളം ഉരുള്‍പൊട്ടലുകളുടെ കേന്ദ്രമാകാനുളള കാരണങ്ങള്‍

അതിതീവ്ര മഴ:കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടലുകള്‍ക്ക് ഒരു കാരണം. മലപ്പുറം ഇടുക്കി വയനാട് ജില്ലകളിലെ ഉരുള്‍പൊട്ടലുകളെക്കുറിച്ച് പഠിച്ച ഹൈദരാബാദ് നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് സെന്‍റര്‍ പറയുന്നത് മൂന്ന് മുതല്‍ ഏഴ് ദിവസം വരെ 200 മില്ലീമീറ്റര്‍ മുതല്‍ 600 മില്ലിമീറ്റര്‍ വരെ മഴയും പിന്നീട് ഒറ്റ ദിവസം ലഭിക്കുന്ന അതിതീവ്ര മഴയും ആണ് മിക്ക ഉരുള്‍പൊട്ടലുകള്‍ക്കും വഴി വച്ചതെന്നാണ്.

വന്‍തോതിലുളള ചൂഷണം: സ്വതവേ കേരളത്തോട് ചേര്‍ന്ന പശ്ചിമ ഘട്ട മലനിരകളിലെ മണ്ണ് ഉറച്ച പ്രകൃതമുള്ളതാണ്. പക്ഷേ മനുഷ്യര്‍ നടത്തുന്ന ചൂഷണവും നിരന്തരമായ നിര്‍മാണ പ്രവൃത്തികളും കാരണം മണ്ണിന്‍റെ സ്വഭാവം മാറുകയും ലോലമാവുകയും ചെയ്യുന്നു. അതി തീവ്ര മഴയ്ക്കൊപ്പം ഇതു കൂടി ഉരുള്‍പൊട്ടലുകള്‍ക്ക് വഴിവെക്കുന്നതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞന്‍ ജി ശങ്കര്‍ പറയുന്നു. മലകളിലെ വനം വെട്ടി വെളുപ്പിച്ച് ഏലകളായും തട്ടുകളായും തിരിച്ചതടക്കം കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയതും വിനയായി.

ക്വാറികളുടെ പ്രവര്‍ത്തനം: കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ടി വി സജീവ് നടത്തിയ പഠനത്തില്‍ പറയുന്നത് കേരളത്തില്‍ 5924 ക്വാറികളുണ്ടെന്നാണ്. ഓരോ പഞ്ചായത്തിലും ശരാശരി ആറെണ്ണം വീതം. ഇതില്‍ 3332 എണ്ണം മാധവ് ഗാഡ്‌ഗില്‍ അതീവ പരിസ്ഥിതി ലോലമായി കണ്ടെത്തിയ മേഖലയിലാണ്. അതായത് ക്വാറികളില്‍ 56 ശതമാനവും പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനിര്‍ത്തിക്കൊണ്ടാണ് പ്രവൃത്തിക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനം: വന്‍തോതിലുള്ള നിര്‍മാണ പ്രവൃത്തികള്‍ മലകളുടെ ചെരിവ് ഇല്ലാതാക്കി. പുഴയുടെ ഒഴുക്കിന്‍റെ ഗതിമാറ്റി. പനമരം പുഴയുടെ കൈവഴികളൊക്കെ കൈയേറി ഇല്ലാതാക്കി. പുഴയ്ക്ക് ഒഴുകാന്‍ വഴി ഇല്ലാതായി. ഇതും ഉരുള്‍പൊട്ടല്‍ സാധ്യത കൂടുന്നതിന് കാരണമായി.

ഫ്ലഡ് ആന്‍ഡ് ഫ്യൂറി എന്ന പുസ്‌തകമെഴുതിയ വിജു ബി പറയുന്നത് വനഗവേഷണ കേന്ദ്രം നടത്തിയ പഠനം വെളിവാക്കുന്നത് ഡല്‍ഹിയുടെ ആകെ വിസ്‌തൃതിയേക്കാളേറെ വനം വയനാട്ടില്‍ ഭൂമി തരംമാറ്റലിലൂടെ നഷ്‌ടമായെന്നാണ്. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നതും ജില്ലയിലെ ചൂട് ചുരുങ്ങിയ കാലത്തിനിടെ 2-3 ഡിഗ്രി സെല്‍ഷ്യസ് കൂടിയതും ഒക്കെ സൂചകങ്ങളാണ്.

മുന്‍പ് 2018 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളിലൊക്കെ ചര്‍ച്ചകളെറെയും പേമാരിയെയും ഡാമുകളിലെ ജലവിതാനം കൈകാര്യം ചെയ്‌തതിനെയും കുറിച്ചായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിനാശം, അശാസ്ത്രീയമായ വിളമാറ്റം, മലകളുടെ ചരിവുകള്‍ ഇല്ലാതാക്കല്‍, കുന്നിടിക്കല്‍, ക്വാറികളുടെ പ്രവര്‍ത്തനം എന്നി കാരണങ്ങള്‍ അന്ന് തമസ്‌കരിക്കപ്പെട്ടു. ഇന്ന് ഈ പ്രധാന കാരണങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നേക്കാമെങ്കിലും സ്ഥായിയായ പരിഹാരത്തിനുള്ള ഉറച്ച നടപടികള്‍ ഉണ്ടങ്കിലെ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാവൂ.

Also Read:ദുരന്തങ്ങളൊഴിയാതെ...; കേരളത്തിലുണ്ടായ മാരകമായ ഉരുള്‍പൊട്ടലുകള്‍ ഇവയൊക്കെ

ABOUT THE AUTHOR

...view details