തിരുവനന്തപുരം: സംസ്ഥാനത്ത് ആർ സി ബുക്ക്, ലൈസൻസ് അച്ചടി ഉടൻ പുനസ്ഥാപിക്കുമെന്ന് നിയമസഭയിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മുസ്ലിം ലീഗ് എം.എൽ.എ പി കെ ബഷീർ നൽകിയ സബ്‌മിഷനിലായിരുന്നു ഗതാഗത മന്ത്രിയുടെ മറുപടി. വൻ തുക കുടിശികയുള്ളതിനാൽ സംസ്ഥാനത്ത് ആർ സി ബുക്ക്, ലൈസൻസ് അച്ചടി നിലച്ചതായി ഇ ടി വി ഭാരതായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. നവംബർ അവസാന വാരം മുതൽ ലൈസൻസ്, ആർ സി ബുക്ക് അച്ചടി മുടങ്ങിയതായി മന്ത്രി സഭയിൽ പറഞ്ഞു. 3,50,000 ത്തോളം ആർ സി ബുക്കുകളും 3,80,000 ലൈസൻസുകളും കുടിശ്ശിക കാരണം അച്ചടിക്കാതെയുണ്ട്. 2023 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ 8,66,07,473 രൂപ കുടിശിക ഇനത്തിൽ ഐ ടി ഐ ലിമിറ്റഡെന്ന കമ്പനിക്ക് നൽകാനുണ്ട്. വിഷയം പരിഹരിക്കാൻ അടിയന്തരമായി 15 കോടി അനുവദിക്കാനുള്ള ഗതാഗത കമ്മിഷണറുടെ ശുപാർശ ധനകാര്യ വകുപ്പിന്‍റെ പരിഗണനയിലാണ്. വിഷയത്തിൽ പരിഹാരം കാണാൻ ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടു. ഏതാനും ദിവസത്തിനകം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. പ്രിന്‍റിംഗ് ആരംഭിച്ചാൽ 3-4 ആഴ്‌ചകൾക്കുള്ളിൽ വിതരണം പുനസ്ഥാപിക്കാനാകും. അതാത് ആർ ടി ഓഫീസുകളിൽ അപേക്ഷകരുടെ ആർ സി ബുക്കും ലൈസൻസും എത്തിക്കും. ഏജന്‍റ് മുഖാന്തരം ഇതു നൽകില്ല. അപേക്ഷകർക്ക് അതാത് ആർ ടി ഓഫീസുകളിൽ നിന്ന് ഐ ഡി കാർഡ് കാണിച്ച് ആർ സി യും ലൈസൻസും കൈപ്പറ്റാമെന്നും ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചു.
ആർ സി ബുക്ക് - ലൈസൻസ് അച്ചടി പുനസ്ഥാപിക്കും; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ - ആർസി ബുക്ക് ലൈസൻസ് അച്ചടി
ആർ സി ബുക്ക് - ലൈസൻസ് അച്ചടി പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി നിയമസഭയിൽ, വിഷയം ആദ്യം വാർത്തയാക്കിയത് ഇ ടി വി ഭാരത്
ആർ സി ബുക്ക് - ലൈസൻസ് അച്ചടി പുനസ്ഥാപിക്കും; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
Published : Feb 13, 2024, 5:05 PM IST