തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്‌റ്ററിങ് നടത്താനുള്ള സമയപരിധി വീണ്ടും നീട്ടി. ഇ കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എഎവൈ, പിഎച്ച്എച്ച്) അംഗങ്ങൾ മസ്‌റ്ററിങ് പൂര്‍ത്തിയാക്കി.
100 ശതമാനം മസ്‌റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് സമയം വീണ്ടും ദീര്‍ഘിപ്പിച്ചത്. അപ്‌ഡേഷന്‍ ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്‌കാനർ ഉപയോഗിക്കും. മേരാ കെവൈസി ആപ്പിന്‍റെ സാധ്യതകളും ഉപയോഗപ്പെടുത്തുന്നുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനിന്‍റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ കെവൈസി അപ്ഡേഷൻ നടത്തി വരുന്നുണ്ടെന്ന് ജിആർ അനിൽ അറിയിച്ചു.
അതേസമയം, സ്‌മാർട്ട്ഫോൺ വഴി മസ്‌റ്ററിങ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്‌റ്ററിങ് പൂര്‍ത്തിയാക്കി. മുൻഗണന കാർഡിലെ അംഗങ്ങൾ ആധാർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി മസ്‌റ്ററിങ് പൂർത്തിയാക്കാവുന്നതാണ്.