തൃശൂര്‍: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലൊരു നിര്‍ണായക ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെടുന്ന ദിവസമാണിന്ന്. പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യത്തിന് അത്രയേറെ പ്രാധാന്യമുള്ള ദിവസം.
എന്നാല്‍ കോണ്‍ഗ്രസ് പി പി മാധവന്‍റെ മരണ വാര്‍ത്ത മറ്റെല്ലാ തെരക്കുകളും മാറ്റിവയ്ക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചു എന്നതില്‍ തന്നെ അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായുള്ള അഗാധ ബന്ധം ഇഴചേര്‍ന്ന് കിടപ്പുണ്ട്.
അര നൂറ്റാണ്ടോളം കാലം ഗാന്ധി കുടുംബവുമായി ചേർന്നു പ്രവർത്തിച്ച പി പി മാധവന്‍റെ മരണ വാര്‍ത്ത അറിഞ്ഞയുടന്‍ രാഹുല്‍ കേരളത്തിലെത്തിയിരുന്നു. സഭാ തിരക്കുകള്‍ക്കിടയിലും കുടുംബത്തിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന പി പി മാധവനെ അവസാനമായി ഒരു നോക്ക് കാണാന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒല്ലൂരിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. പി പി മാധവന്‍റെ മൃതദേഹത്തിൽ രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചു. ദീര്‍ഘകാലം ഗാന്ധി കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മാധവൻ സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ക്ഷേത്ര പൂജാരിയായിരുന്ന പി പി മാധവന്‍ 1982-83 കാലത്താണ് ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തുന്നത്. ഇന്ത്യന്‍ ഇന്‍റലിജന്‍സില്‍ ജോലി ചെയ്‌തിരുന്ന സഹോദരന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഒഴിവുണ്ടെന്ന് അറിയുന്നത്.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തിന്‍റെ അഭിമുഖം നടത്തിയത്. 'ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം' എന്നാണ് അഭിമുഖത്തിന് ശേഷം മാധവനെ കുറിച്ച് ഇന്ദിരാ ഗാന്ധി ഫയലില്‍ കുറിച്ചത്.
ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജീവ് ഗാന്ധിയുടെ നിഴലായും പിപി മാധവന്‍ കൂടെയുണ്ടായിരുന്നു. പിന്നീട് സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ രാത്രി തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ എത്തിയ രാഹുൽ ഗാന്ധി അവിടെ നിന്നും ഇന്ന് രാവിലെ റോഡ് മാർഗമാണ് ഒല്ലൂരിലെ വീട്ടിലെത്തിയത്.
രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ , കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വി എം സുധീരൻ തുടങ്ങിയവരും എത്തി. മന്ത്രി കെ രാജനും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പി പി മാധവൻ അന്തരിച്ചത്.
Also Read: 'സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്‍റെ കത്തുകള്‍ തിരികെ വേണം'; ആവശ്യമുന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത്