കണ്ണൂർ : തളിപ്പറമ്പിലെ പ്രമുഖ പ്രവാസി വ്യവസായിയും സിനിമ നിർമാതാവുമായ മൊട്ടമ്മൽ രാജൻ തളിപ്പറമ്പ രാജരാജേശ്വ ക്ഷേത്ര മുറ്റത്ത് ഒരുക്കിയ ശിവന്‍റെ പൂർണ വെങ്കലശില്‍പം സമർപ്പിക്കാൻ പ്രധാനമന്ത്രി മോദി തന്നെ എത്തുമോ...? അറിയാൻ ഫെബ്രുവരി ആദ്യ വാരം വരെ കാത്തിരിക്കേണ്ടി വരും. ഇനി മോദി വന്നാലും അത്ഭുതപ്പെടാനില്ലെന്ന് ഭക്തര്‍ പറയുന്നു. കാരണം രാജരാജേശ്വര ക്ഷേത്രത്തിന്‍റെ പേരും പെരുമയും അത്രത്തോളമുണ്ട്.
രാജരാജേശ്വരന്‍റെ പേരിലറിയപെടുന്ന കണ്ണൂരിലെ ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന പ്രതിഷ്‌ഠ. എന്നാൽ, ശിവന്‍റേതായ പല വിശേഷങ്ങളും ഇവിടെയില്ല എന്നത് മറ്റൊരു കൗതുകം. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രാജരാജേശ്വര ക്ഷേത്രം.
ദക്ഷിണേന്ത്യയിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ടെന്നത് മറ്റൊരു വസ്‌തുത. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്‌ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്‌നമായി വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നവരും ഉണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതുകൊണ്ടു തന്നെ ഇന്ത്യയിലെ തന്നെ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ക്ഷേത്ര ദർശനം നടത്തുക എന്നത് പതിവ് കാഴ്‌ചയാണ്. അമിത് ഷാ, ശോഭ കരന്തലജെ, മുൻ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങി ക്ഷേത്രം സന്ദർശിച്ച ബിജെപി നേതാക്കളുടെ പട്ടിക വലുതാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ അങ്ങനെയങ്ങ് തള്ളിക്കളയാനും ആകില്ല.
പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതനുസരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിന്‍റെ ഭാഗമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിൾ മേധാവികൾ ക്ഷേത്രം സന്ദർശിച്ചു. ടിടികെ ദേവസ്വം പ്രസിഡന്‍റ് ടിപി വിനോദ് കുമാർ, മൊട്ടമ്മൽ രാജൻ, ശില്‍പി ഉണ്ണി കാനായി തുടങ്ങിയവരുമായി ആർക്കിയോളജിക്കൽ ടീം വിശദമായ ചർച്ച നടത്തി കഴിഞ്ഞു.
ശില്‍പി ഉണ്ണി കാനായി ആണ് ഏകദേശം നാല് വർഷത്തോളം സമയമെടുത്ത് 14 അടി ഉയരത്തിൽ ശില്‍പം നിർമിച്ചത്. ആദ്യം കളിമണ്ണിൽ നിർമിച്ച് പ്ലാസ്‌റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം ചെയ്‌ത് വെങ്കലത്തിലേക്ക് കാസ്‌റ്റ് ചെയ്‌താണ് ശില്‍പം രൂപകല്‍പന ചെയ്‌തത്.
വെങ്കലത്തിലും എസ് എസ് 3 നോട്ട് 4 സ്‌റ്റീലിലും നിർമിച്ച ശിൽപത്തിന് 4000 കിലോ തൂക്കം വരും. കോൺക്രീറ്റിൽ ഉയരം കൂടിയ ശിവ ശില്‍പങ്ങൾ ഉണ്ടെങ്കിലും വെങ്കലത്തിൽ നിർമിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവ ശില്‍പമാണ് തളിപ്പറമ്പിൽ ഒരുങ്ങുന്നതെന്ന് സംഘാടകർ അവകാശപ്പെടുന്നു.
രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ആൽമരത്തിന്‍റെ ചുവട്ടിലാണ് ശിവന്‍റെ ശില്‍പം സ്ഥാപിക്കുന്നത്. ശിവരാത്രിക്ക് മുന്നേ ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവർ. സമർപ്പണത്തിന് ശേഷം മാത്രമേ പൊതുജനങ്ങൾക്ക് കാണാൻ കഴിയൂ.
ദർശനത്തിലും വ്യത്യസ്‌തത
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്‌ത്രീകൾക്ക് എല്ലാ സമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണ സ്‌ത്രീകൾക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. മറ്റു സ്‌ത്രീകൾ തിരുവത്താഴ പൂജയ്ക്ക് ശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ.